പത്തനംതിട്ടയിൽ പിസി ജോർജ് വേണ്ട ; പി എസ് ശ്രീധരൻപിള്ളയെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത തേടി ബിജെപി
ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പി.സി. ജോർജിന് പകരം പി.എസ്. ശ്രീധരൻപിള്ളയെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത തേടി ബിജെപി. ഒരു കാരണവശാലും ജോർജിനെ അംഗീകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തന്നെ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ മത സാമുദായിക സംഘടനകൾ ഒന്നടങ്കം ശ്രീധരൻപിള്ളയെ പിന്തുണയ്ക്കുമെന്നാണ് എൻഡിഎ നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. പത്തനംതിട്ടയിൽ സീറ്റ് നൽകാമെന്ന ഉറപ്പ് ബിജെപി കേന്ദ്ര നേതൃത്വം പി.സി ജോര്‍ജിന് നൽകിയിരുന്നു. എന്നാൽ, ജനപക്ഷവും ഇല്ലാതാക്കി ജോർജ് ബിജെപിയിൽ എത്തിയപ്പോൾ കാര്യങ്ങൾ തകിടംമറിഞ്ഞു.
പാർട്ടി നടത്തിയ അഭിപ്രായ സർവേയിൽ നേതാക്കളൊന്നടക്കം പി.സി ജോര്‍ജ് വേണ്ടെന്ന അഭിപ്രായം അറിയിച്ചു. അതിലുപരി ബിഡിജെഎസിനും ജോർജിനെ വേണ്ട. ഇതോടെയാണ് പുതിയ ഫോർമുല ബിജെപി നേതൃത്വം ആലോചിക്കുന്നത്. മണ്ഡലത്തിൽ സുപരിചിതനായ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ മത്സരത്തിനിറക്കാനാണ് നീക്കം. ഒക്ടോബറിൽ ഗവർണർ ചുമതല ഒഴിയുന്ന ശ്രീധരൻപിള്ളയ്ക്കും മത്സരിക്കുന്നതിനോട് താൽപര്യമാണ്. ജോർജിന് ഉചിതമായ മറ്റൊരു പദവി നൽകാനാണ് ആലോചന.