കേരളത്തിൽ ഒരിടത്തും ബിജെപി വിജയിക്കാൻ പോകുന്ന ശക്തിയല്ല: മുഖ്യമന്ത്രി


ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജപ്പെടുത്തുകയെന്ന വികാരമാണ് രാജ്യവ്യാപകമായി ഉയരുന്നതെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിൽ ഒരിടത്തും ബിജെപി വിജയിക്കാൻ പോകുന്ന ശക്തിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മണ്ഡലപര്യടനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കഴിവിന്റെ പരമാവധി അവർ ശ്രമിക്കുന്നുണ്ട്. പക്ഷെ, ജനങ്ങൾ അംഗീകരിച്ചു കൊടുക്കില്ല. ബിജെപിയെ നേരിടാൻ ഞങ്ങൾ മതിയെന്ന് പറയുന്ന കൂട്ടരാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടി. ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രത്യേക സാഹചര്യമായിരുന്നു. രാഹുൽ ഗാന്ധി വന്നപ്പോൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് പ്രചരിപ്പിച്ചു. ബിജെപിയെ പരാജയപ്പെടുത്തണം എന്ന് ആഗ്രഹമുള്ളവരാണ് കേരളീയർ. അവർ കഴിഞ്ഞ തവണ കോൺഗ്രസിന്റെ പ്രചാരണം വിശ്വസിച്ചു’, അദ്ദേഹം പറഞ്ഞു.