കര്‍ത്തയുടെ പണം വാങ്ങാത്ത ഒരേ ഒരു പാര്‍ട്ടി ബിജെപി മാത്രമാണ്: കെ സുരേന്ദ്രൻ
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കാര്യങ്ങളെ വളച്ചൊടിക്കുകയാണെന്നും ഇന്‍കം ടാക്‌സ് റെയിഡിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ കേസ് എടുത്തതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ . കോണ്‍ഗ്രസ് പാർട്ടി ഗ്യാലറിയിലിരുന്ന് കളി കാണുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
‘വീണയും സിഎംആര്‍എൽ കമ്പനിയും തടസ്സവാദവുമായി കോടതിയില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് എവിടെയായിരുന്നു. കോണ്‍ഗ്രസ് ആ സമയം ഗ്യാലറിയിലിരുന്ന് കളി കാണുകയായിരുന്നു. രമേശ് ചെന്നിത്തല, കുഞ്ഞാലികുട്ടി എന്നിവര്‍ കേസില്‍ പ്രതിയാണ്.
കര്‍ത്തയുടെ പണം വാങ്ങാത്ത ഒരേ ഒരു പാര്‍ട്ടി ബിജെപി മാത്രമാണ്. കര്‍ത്ത 90 കോടി കേരളത്തില്‍ മാസപ്പടി നല്‍കി. കൂട്ടുപ്രതികളായ ആളുകളെ കുറിച്ച് വിഡി സതീശന്‍ നിലപാട് വ്യക്തമാക്കണം. അമേദ്യ ജല്പനമാണ് വിഡി സതീശന്‍ നടത്തുന്നത്’, അദ്ദേഹം പറഞ്ഞു. കാലതാമസം ഉണ്ടായത് തടസ്സ ഹരജി പരിഗണിച്ചതിനാലാണെന്നും നേരത്തേയും വീണയെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി അന്വേഷണത്തിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്രസകള്‍ പൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങളിലും അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ മദ്രസകളെ കുറിച്ചല്ല ബാലാവകാശ കമ്മിഷന്‍ പറഞ്ഞതെന്നും കേരളത്തിലെ മദ്രസകള്‍ പൊതുവിദ്യാഭ്യാസത്തില്‍ പങ്കാളിയാകുന്നുണ്ടെന്നും കേരളത്തിലെ മദ്രസകള്‍ സര്‍ക്കാര്‍ സഹായം കൈപറ്റുന്നില്ലെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.