ലോകത്ത് നിന്നും കമ്മ്യൂണിസം അപ്രത്യക്ഷമാവുകയാണ്; കേരളത്തിലും താമര വിരിയുന്ന കാലം വിദൂരമല്ല: അമിത് ഷാ


ഇന്ത്യയിൽ ഭാവിയുള്ള ഏക രാഷ്ട്രീയ പാര്‍ട്ടി ബി ജെ പി മാത്രമാണെന്നും കേരളത്തിലും താമര വിരിയുന്ന കാലം വിദൂരമല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പത്മനാഭസ്വാമിയുടെ മണ്ണില്‍ നടക്കുന്ന പട്ടികജാതി സംഗമത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പട്ടികജാതി മോര്‍ച്ച സംഘടിപ്പിച്ച പട്ടികജാതി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അയ്യങ്കാളിയുടെ ഭൂമിയില്‍ എത്തുമ്പോള്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ താന്‍ അഭിനന്ദിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഇവിടെ കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് നിന്നും കമ്മ്യൂണിസം അപ്രത്യക്ഷമാവുകയാണ്.
ഇന്ത്യയിൽ ഇനി ഭാവി ഉള്ളത് ബിജെപിക്ക് മാത്രമാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ദരിദ്രർക്കായാണ് . ആദ്യം അധികാരത്തിലെത്തിയപ്പോള്‍ പ്രസിഡന്റായി പട്ടികജാതിയിലുള്ള രാംനാഥ് കോവിന്ദിനെയും രണ്ടാമത് അവസരം കിട്ടിയപ്പോള്‍ പട്ടിക വര്‍ഗ്ഗത്തില്‍ നിന്നുള്ള വനിതയെയും ഭാരതത്തിന്റെ രാഷ്ട്രപതിയായി ഞങ്ങള്‍ തെരഞ്ഞെടുത്തു.
നമ്മുടെ രാജ്യത്ത് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂ എന്നാണ് പ്രധാനമന്ത്രി വിശ്വസിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.കോൺഗ്രസാവട്ടെ പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ചിട്ടും പട്ടികജാതിക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാവട്ടെ കേന്ദ്ര ഭരണത്തിന് പിന്തുണ നല്‍കിയപ്പോഴും ആദിവാസി വിഭാഗങ്ങള്‍ക്കായി ഒന്നും ചെയ്തില്ല. എന്നാൽ ഇപ്പോൾ പട്ടികജാതി, പട്ടിക വര്‍ഗത്തിലുള്ളവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി. സമൂഹത്തിലെ പാവപ്പെട്ടവരുടെ കാര്യം പറയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ദളിതര്‍ക്കായി എന്ത് ചെയ്തുവെന്നും അമിത്ഷാ ചോദിച്ചു അവർ കണക്കുകള്‍ ദളിതര്‍ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.