രാജ്യത്തിന്‍റെ ഫെഡറല്‍ ഘടന അട്ടിമറിക്കാനും സാമുദായിക സൗഹാർദം തകർക്കാനും ബിജെപി ശ്രമിക്കുന്നു: മുഖ്യമന്ത്രി
രാജ്യത്തിന്‍റെ ഫെഡറല്‍ ഘടന അട്ടിമറിക്കാനും വിവിധ സംസ്ഥാനങ്ങളിൽ ഗവർണർ പദവി ദുരുപയോഗം ചെയ്ത് ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ സാമുദായിക സൗഹാർദം തകർക്കാനും ബിജെപി ശ്രമിക്കുകയാണെന്ന് കൊല്‍ക്കത്തയില്‍ നടക്കുന്ന കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ ബിബിസി ഓഫീസുകളിലെ റെയിഡ് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. കേന്ദ്രസർക്കാർ അഭിപ്രായ സ്വതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ മാനവ വികസന സൂചിക പ്രകാരം രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളമെന്നും പിണറായി പറഞ്ഞു. കേരളത്തില്‍ നിലവിൽ ശിശുമരണനിരക്കും, മാതൃമരണ നിരക്കും വളരെ കുറവാണ്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ പൊതുജനാരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ എല്ലാ മേഖലകളിലും കേരളം മുന്നിലാണ്. വിലക്കയറ്റത്തിനിടയിൽ കേരളത്തിൽ ദിവസക്കൂലി വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാത്രമല്ല, 3.25 ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകിയെന്നും പിണറായി പറഞ്ഞു.