ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ബിജെപി ഉപയോഗിക്കുന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
31 October 2024

കുഴൽപ്പണം, കള്ളപ്പണം എന്നിവ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന പ്രധാനപ്പെട്ട പാർട്ടിയാണ് ബിജെപിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ . ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഓഫീസുകളുടെ വെളിപ്പെടുത്തൽ ടിവി ചാനലിൽ കണ്ടെന്നും എംവി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാന ബിജെപി അധ്യക്ഷനും ജില്ലാ അധ്യക്ഷനും അറിഞ്ഞാണീ പണം വന്നത് എന്നാണ് വെളിപ്പെടുത്തൽ. ഫലപ്രദമായി അന്വേഷണം നടക്കണമെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.

അതേപോലെ തന്നെ, കള്ളപ്പണത്തിന്റെ ഒഴുക്ക് കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 3 ഇടങ്ങളിലും ഉണ്ട്. പോലീസ് അന്വേഷണം ഗവൺമെന്റ് സംവിധാനത്തിന് ഭാഗമാണ്. കേസിന്റെ ഉള്ളടക്കങ്ങളിലേക്ക് പാർട്ടി പോയിട്ടില്ല. മൂന്നര കോടി രൂപ ചാക്കിൽ കെട്ടി കൊടുത്താൽ ആരാണ് തട്ടാത്തതെന്നും എംവി ​ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.

വിഷയം ഇ ഡി അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് ബിജെപിയോടും ഗവൺമെന്റിനോടും ചോദിക്കണം. സിപിഎമ്മിന് സതീഷിനെ വിലക്കെടുക്കേണ്ട കാര്യമില്ല. മൂന്നരക്കോടി രൂപ കൈകാര്യം ചെയ്യാൻ അവകാശമുള്ള, ഓഫീസിൽ സർവ്വസ്വാതന്ത്ര്യം ഉള്ള ഒരാളാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.