സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിന്റെ സൂത്രധാരന്‍ ബിജെപി നേതാവ് ഗിരികുമാര്‍; റിമാന്‍ഡ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിന്റെ മുഖ്യ സൂത്രധാരന്‍ ബിജെപി കൗണ്‍സിലര്‍ വി ജി ഗിരികുമാര്‍ ആണെന്ന് ക്രൈംബ്രാഞ്ചിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
ആശ്രമം കത്തിക്കാന്‍ നിര്‍ദേശിച്ചത് ഗിരികുമാറാണ്. സന്ദീപാനന്ദഗിരിയെ പാഠം പഠിപ്പിക്കണമെന്നും ഗിരികുമാര്‍ അഭിപ്രായപ്പെട്ടതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമല യുവതീ പ്രവേശത്തെ സന്ദീപാനന്ദഗിരി അനുകൂലിച്ചതാണ് വൈരാഗ്യത്തിന് കാരണം. ഒന്നാം പ്രതി പ്രകാശും മൂന്നാം പ്രതി ശബരി എസ് നായരും ചേര്‍ന്നാണ് ആശ്രമം കത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പിടിപി നഗറില്‍ നിന്നുള്ള ബിജെപി കൗണ്‍സിലര്‍ ആയ ഗിരികുമാറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആശ്രമം കത്തിക്കുന്നതിന് ആറു ദിവസം മുമ്ബ്, യുവതീപ്രവേശനത്തെ അനുകൂലിച്ച സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലേക്ക് ഗിരികുമാറിന്റെ നേതൃത്വത്തില്‍ ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച നടന്നു. ഇതില്‍ ആശ്രമം കത്തിക്കല്‍ കേസിലെ പ്രതികളെല്ലാം പങ്കെടുത്തു. പ്രകടനത്തിന് ശേഷം സ്വാമിക്കിട്ട് ഒരു പണി കൊടുക്കണമെന്ന് പ്രതികളോട് ഗിരി പറഞ്ഞുവെന്നും, ഇതിന്‍ പ്രകാരം ആശ്രമം തീവെക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.