ബിജെപി നേതാവിനെ ബംഗാളിൽ വീട്ടില്‍ കയറി അക്രമികള്‍ വെടിവെച്ചുകൊലപ്പെടുത്തി
പശ്ചിമ ബംഗാളില്‍ ബിജെപി പ്രാദേശിക നേതാവിനെ വീട്ടില്‍ കയറി അക്രമികള്‍ വെടിവെച്ചു കൊന്നു. സംസ്ഥാനത്തെ കൂച്ച് ബെഹാറിലെ ബിജെപി നേതാവ് പ്രശാന്ത ബസുനിയയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ദിന്‍ഹാത മേഖലയിലെ ബിജെപി ലോക്കല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിയാണ് പ്രശാന്ത.
തിരിച്ചറിയപ്പെടാത്ത രണ്ടു പേരാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിക്കാനിരിക്കവെയാണ് വീട്ടിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ തൊട്ടടുത്തെത്തി പ്രശാന്തിനെ വെടിവെച്ചത്. സംഭവം നടന്ന ഉടൻതന്നെ ദിന്‍ഹാത സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് അയച്ച ഗുണ്ടകളാണ് പ്രശാന്തിനെ കൊലപ്പെടുത്തിയതെന്ന് ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ ആരോപിച്ചു. അന്വേഷണം സിബിഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.