ജെഡിഎസ് നേതാവ് എച്ച് ഡി കുമാര സ്വാമിയുമായി കൂടികാഴ്ച നടത്തി ബിജെപി നേതാക്കള്‍
കര്‍ണാടകയില്‍ ലീഡ് നില മാറിമറയുന്നതിനിടെ ജെഡിഎസ് നേതാവ് എച്ച് ഡി കുമാര സ്വാമിയുമായി കൂടികാഴ്ച നടത്തി ബിജെപി നേതാക്കള്‍.
ബെംഗലുരുവിലെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലിലാണ് കൂടിക്കാഴ്ച പുരോഗമിക്കുന്നത്. 118 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച. അതേസമയം കോണ്‍ഗ്രസ് ക്യാംപ് സത്യ പ്രതിജ്ഞ കഴിയുന്നത് വരെ എംഎല്‍എമാരെ ഹൈദരബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് 50ഓളം സീറ്റുകളില്‍ 1000ത്തോളം വോട്ടുകളുടേതാണ് ലീഡ്.
കര്‍ണാടകയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എച്ച് ഡി കുമാരസ്വാമി. വോട്ടണ്ണലിന് മിനിറ്റുകള്‍ക്ക് മുമ്ബ് പ്രതികരിച്ചിരുന്നു. ജെഡിഎസ് ചെറിയ പാര്‍ട്ടിയാണ്. നിലവില്‍ ആരെയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. രണ്ടോ മൂന്നോ മണിക്കൂര്‍ കാത്തിരിക്കാം. ഇതിന് ശേഷം തീരുമാനങ്ങള്‍ അറിയിക്കാം. ഒരു പാര്‍ട്ടിയോടും ഇതുവരെ ഡിമാന്‍ഡ് വെച്ചിട്ടില്ല. എല്ലാം ജനങ്ങള്‍ക്കും ദൈവത്തിനും സമര്‍പ്പിക്കുകയാണ്. സിംഗപ്പൂരില്‍ നിന്നും ഇന്ന് പുലര്‍ച്ചെയോടെയാണ് കുമാരസ്വാമി ബംഗ്ലൂരുവിലെത്തിയത്.
2018ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 74 സീറ്റുകളില്‍ 10,000-ത്തില്‍ താഴെ ഭൂരിപക്ഷമായിരുന്നു വിജയിച്ച സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത്. ഇതില്‍ കോണ്‍ഗ്രസ് 37 സീറ്റിലും, ബിജെപി 27 ഇടത്തും, ജെഡിഎസ് 10 മണ്ഡലങ്ങളിലും വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആയിരം വോട്ടിന് താഴെ ഭൂരിപക്ഷം വന്നത് വെറും അഞ്ച് നിയമസഭാ സീറ്റുകളില്‍ മാത്രമായിരുന്നു. മസ്കി, പാവ്‍ഗദ, ഹിരേകേരൂര്‍, കുണ്ട്‍ഗോല്‍, അലന്ദ് എന്നിവയായിരുന്നു ആ സ്വിങ് സീറ്റുകള്‍. 104 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 77 പേര്‍ക്കും പതിനായിരത്തില്‍ കൂടുതല്‍ ഭൂരിപക്ഷമുണ്ടായിരുന്നു. കോണ്‍ഗ്രസ് ജയിച്ച 80 സീറ്റില്‍ 42 പേര്‍ക്കായിരുന്നു പതിനായിരത്തില്‍ കൂടുതല്‍ ഭൂരിപക്ഷം നേടാനായത്.