ജെ പി നദ്ദ വന്നുപോയ പിന്നാലെ തിരുവനന്തപുരത്ത് ആകെയുണ്ടായിരുന്ന പഞ്ചായത്തും ബി ജെ പിക്ക് നഷ്ടമായി
തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. ജില്ലയിൽ ആകെ ഉണ്ടായിരുന്ന പഞ്ചായത്താണ് ദേശിയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ വന്നുപോയതിന് പിന്നാലെ ബിജെപിക്ക് നഷ്ടമായത്.
ബിജെപിക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ബിജെപിക്ക് കല്ലിയൂര്‍ പഞ്ചായത്ത് ഭരണം നഷ്ടമായത്. നേമം നിയമസഭാ മണ്ഡലത്തിലാണ് കല്ലിയൂര്‍ പഞ്ചായത്ത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ആദ്യമായി കേരളത്തില്‍ എംഎല്‍എയെ നല്‍കിയ മണ്ഡലമാണ് നേമം.
ഇതുവരെ കേവല ഭൂരിപക്ഷം ഇല്ലായിരുന്നുവെങ്കിലും ഉള്ളതിൽ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിലാണ് ബിജെപി പഞ്ചായത്തില്‍ ഭരണം നടത്തിയത്. ആകെ ഇരുപത്തിയൊന്ന് അംഗങ്ങളുള്ള പഞ്ചായത്തില്‍ ബിജെപിയ്ക്ക് 10, എല്‍ഡിഎഫിന് 9, കോണ്‍ഗ്രസ് 2 എന്നിങ്ങന്നെയായിരുന്നു കക്ഷിനില. ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണയ്‌ക്കെതിരെ എം സോമശേഖരന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം ഒന്‍പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് പാസായത്.
അതേസമയം, ബിജെപി അംഗം സുധര്‍മ്മയും കോണ്‍ഗ്രസ് അംഗം ശാന്തിമതിയും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. ഇപ്പോഴുള്ള ഭരണസമിതി നിലവില്‍ വന്നതിനു ശേഷം അഴിമതിയുടെ കേന്ദ്രമായി കല്ലിയൂര്‍ പഞ്ചായത്ത് മാറി എന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പരീക്ഷയോ അഭിമുഖമോ ഇല്ലാതെ ഡ്രൈവര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങി ആശുപത്രിയിലെ താത്കാലിക തസ്തികകളിലും പ്രസിഡന്റും വൈസ് പ്രസിഡന്റും ഇഷ്ടക്കാരെ നിയമിച്ചുവെന്നായിരുന്നു ആരോപണം ഉയര്‍ന്നത്.