മുസാഫര്‍നഗര്‍ കലാപക്കേസിൽ ബിജെപി എംഎല്‍എ വിക്രം സൈനിക്ക് തടവുശിക്ഷ

single-img
12 October 2022

ലഖ്നൗ; മുസാഫര്‍നഗര്‍ കലാപക്കേസില്‍ ബിജെപി എംഎല്‍എ വിക്രം സൈനിക്ക് തടവുശിക്ഷ. രണ്ടു വര്‍ഷത്തെ തടവും 10,000 രൂപ പിഴയുമാണ് പ്രത്യേക എംപി/എംഎല്‍എ കോടതി വിധിച്ചത്.

വിക്രം സൈനി കൂടാതെ 11 പേരെയും ശിക്ഷിച്ചു. പ്രത്യേക ജഡ്ജി ഗോപാല്‍ ഉപാധ്യായയുടേതാണ് വിധി. കേസിലെ മറ്റ് 15 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.

ഉത്തര്‍പ്രദേശിലെ ഖതൗലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ സൈനിയെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുക്കുകയും പിന്നീട് 25,000 രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. ശിക്ഷയ്‌ക്കെതിരെ ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മാരകായുധങ്ങളുമായി കലാപം നടത്തല്‍ ഉള്‍പ്പടെ അഞ്ചു വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിക്രം സൈനിക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. രണ്ട് ജാട്ട് യുവാക്കളുടെ ശവസംസ്‌കാരം കഴിഞ്ഞ് ജനക്കൂട്ടം മടങ്ങുന്നതിനിടെ കവാല്‍ ഗ്രാമത്തില്‍ നടന്ന അക്രമത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് ബിജെപി എംഎല്‍എയും മറ്റ് 26 പേരും വിചാരണ നേരിട്ടത്.

2013 ല്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് ഹിന്ദു മുസ്ലിം സമുദായങ്ങള്‍ തമ്മില്‍ കലാപം നടന്നത്. 42 മുസ്ലിമുകളും, 20 ഹിന്ദു സമുദായക്കാരും ഈ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിനാളുകള്‍ക്ക് മുറിവേല്‍ക്കുകയും, പതിനായിരക്കണക്കിനാളുകള്‍ക്ക് അവര്‍ താമസിച്ചിരുന്ന സ്ഥലം വിട്ടോടിപ്പോകേണ്ടിയും വന്നു.

2013 ഓ​ഗസ്റ്റ് 21ന് മുസാഫര്‍ നഗറില്‍ ചെറിയതോതില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. അതുമായി ബന്ധപ്പെട്ട് പോലീസ് 150 ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും, 14 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യൂസഫ് ഖുറേഷി എന്നൊരാള്‍ നടത്തിയ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് കലാപം വീണ്ടും മൂര്‍ഛിച്ചത്. ഇയാളെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തു. ഓ​ഗസ്റ്റ് 27ന് ഷാമ്ലി നഗരത്തില്‍ ജാട്ട് സമുദായക്കാരും, മുസ്ലീം സമുദായക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഒരു ചെറിയ ഗതാഗത അപകടത്തെത്തുടര്‍ന്നുണ്ടായ വാഗ്വാദങ്ങളാണ് പിന്നീട് വംശീയ സംഘര്‍ഷത്തിലേക്കു നയിച്ചതെന്ന് പറയപ്പെടുന്നു. ഇതു കൂടാതെ, ജാട്ട് സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ മുസ്ലിം സമുദായത്തില്‍പ്പെട്ട ഒരു യുവാവ് കളിയാക്കിയതുമാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതെന്നും ചില വാദങ്ങളുണ്ട്.