ആദിവാസി അധ്യാപികയെ വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചു ; ബിജെപി എംഎൽഎയുടെ മകൻ അറസ്റ്റിൽ
ആദിവാസി അധ്യാപികയെ വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചകേസിൽ ഛത്തീസ്ഗഢിലെ ബിജെപി എംഎൽ എയു പ്രതിപക്ഷ നേതാവുമായ നാരായൺ ചന്ദേലിന്റെ മകൻ പലാഷ് ചന്ദേൽ അറസ്റ്റിൽ. പോലീസ് കേസ് എടുത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ഒളിവിലായിരുന്ന ഇയാൾ വ്യാഴാഴ്ച രാത്രിയാണ് പിടിയിലായത്.
അതേസമയം, ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ 25,000 രൂപയുടെ ബോണ്ടിൽ പലാഷിനെ അറസ്റ്റിനു ശേഷം വിട്ടയച്ചെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ജഞ്ജ്ഗീർ-ചമ്പ ജില്ലാ പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് ഏപ്രിൽ നാലിനാണ് കോടതി മുൻകൂർ ജാമ്യം നൽകിയത്. അധ്യാപികയുടെ പരാതിയിൽ ജനുവരി 19നാണ് റായ്പൂരിൽ ഇയാൾക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യുന്നത്.
വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി പലാഷ് തന്നെ വർഷങ്ങളോളം പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. അധ്യാപികയുടെ പരാതിയിൽ ഐപിസി 376 (2-എൻ), 313 വകുപ്പുകളും എസ്.സി-എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരവുമാണ് പോലീസ് കേസെടുത്തത്. തുടർന്ന് കേസ് ജഞ്ജ്ഗീർ-ചമ്പ പൊലീസിന് കൈമാറുകയായിരുന്നു.