സുപ്രീം കോടതി ഹർജി പരിഗണിക്കാനിരിക്കെ ഗുജറാത്ത് സർക്കാരിന്റെ പരിപാടിയിൽ ബിൽക്കിസ് ബാനു കേസിലെ പ്രതി
ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ഗുജറാത്ത് സർക്കാരിന്റെ പരിപാടിയിൽ ബിൽക്കിസ് ബാനു കേസിലെ പ്രതി പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബിജെപി എംപിക്കും എംഎൽഎയ്ക്കുമൊപ്പം ആണ് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതി ശൈലേഷ് ചിമൻലാൽ ഭട്ട് പരിപാടിയിൽ പങ്കെടുത്തത്. സര്‍ക്കാരിന്റെ ജല വിതരണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ബലാത്സംഗ കേസിലെ പ്രതി പങ്കെടുത്തത്.
മാർച്ച് 25 ന് ദഹോദ് ജില്ലയിലെ കർമാഡി വില്ലേജിലാണ് ജലവിതരണ പദ്ധതി പരിപാടി നടന്നത്. ദാഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎൽഎ ശൈലേഷ് ഭാഭോറിനും ഒപ്പമാണ് ശൈലേഷ് ചിമൻലാൽ ഭട്ട് വേദി പങ്കിട്ടത്. ശൈലേഷ് ചിമൻലാൽ ഭട്ട് പരിപാടിയിൽ ഇവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പൂജയിൽ പങ്കെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചിത്രങ്ങളും വീഡിയോകളും ട്വീറ്ററിൽ പങ്കുവച്ച ഇരുനേതാക്കളും വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ തയ്യാറായില്ല
സംഭവത്തിൽ രൂക്ഷവിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര രംഗത്തുവന്നു. ‘എനിക്കീ രാക്ഷസന്മാരെ തിരികെ ജയിലേയ്ക്കയക്കണം എന്നിട്ടാ താക്കോല്‍ വലിച്ചെറിയണം. നീതിയ്‌ക്കെതിരെയുള്ള പരിഹാസത്തെ പിന്തുണയ്ക്കുന്ന പൈശാചിക സര്‍ക്കാരിനെ താഴെയിറക്കണം. ഇന്ത്യയുടെ ധാര്‍മികത തിരിച്ചുകൊണ്ട് വരണം’- ഫോട്ടോ പങ്കുവച്ചുകൊണ്ട് മഹുവ മൊയിത്ര ട്വീറ്റ്‌ചെയ്തു.