ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് ബിജെപി എംപി തേജസ്വി സൂര്യ; റിപ്പോർട്ട്

single-img
17 January 2023

റൺവേയിലേക്ക് നീങ്ങുന്ന സമയം ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. കഴിഞ്ഞ വർഷം ഡിസംബര്‍ 10ന് ചെന്നൈ- തിരുച്ചിറപ്പള്ളി വിമാനത്തിന്റെ എമര്‍ജന്‍സി വാതിലാണ് യാത്രക്കാരന്‍ തുറന്നത്.

സംഭവത്തിൽ മറ്റ് യാത്രക്കാര്‍ പരിഭ്രാന്തരായതോടെ അധികൃതരെത്തി പരിശോധന നടത്തിയശേഷം രണ്ട് മണിക്കൂറോളം വൈകിയാണ് വിമാനം പുറപ്പെട്ടത്. യാത്രക്കാരനായി ഉണ്ടായിരുന്ന ബിജെപി എംപി തേജസ്വി സൂര്യയാണ് എമര്‍ജന്‍സി വാതില്‍ തുറന്നതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തേജസ്വി സൂര്യയും തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈയുമായിരുന്നു എമര്‍ജന്‍സി വാതിലിന് അടുത്തിരുന്നതെന്നും ഇവർക്ക് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് തേജസ്വി വിമാനക്കമ്പനിക്ക് എഴുതി നല്‍കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നേരത്തെ എമര്‍ജന്‍സി വാതിലിന് അടുത്തിരുന്ന യാത്രക്കാരനെന്ന നിലയില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ എങ്ങനെയാണ് അത് തുറക്കേണ്ടതെന്ന് ജീവനക്കാര്‍ എംപിയോട് വിശദീകരിച്ചിരുന്നു. ഇതിനെ തുടർന്ന് എംപി വാതില്‍ തുറക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.എന്നാൽ ഇതുവരെ ഏത് യാത്രക്കാരനാണ് എമര്‍ജന്‍സി വാതില്‍ തുറന്നതെന്ന് ഡിജിസിഎ വ്യക്തമാക്കിയിട്ടില്ല. ഇത് സംഭവിച്ചത് തേജസ്വി സൂര്യയിൽ നിന്നായിരുന്നു എന്ന ചോദ്യങ്ങളോടും അധികൃതര്‍ പ്രതികരിച്ചിട്ടില്ല.