ജി 20 പ്രസിഡൻസിയെക്കുറിച്ചുള്ള പാർലമെന്റ് പാനൽ യോഗത്തിൽ ബിജെപി എംപിമാരും രാഹുൽ ഗാന്ധിയും ഏറ്റുമുട്ടി

single-img
19 March 2023

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ യോഗത്തിൽ വെച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും ബിജെപി അംഗങ്ങളും തമ്മിൽ വാക്‌പോര്.
ബി.ജെ.പി എം.പിമാരായ ജി.വി.എൽ നരസിംഹ റാവുവും അനിൽ ഫിറോജിയയും രാഹുൽ ഗാന്ധിയും തമ്മിലാണ് വാക്‌പോര് ഉണ്ടായത് എന്നാണു റിപ്പോർട്ട്.

ബി.ജെ.പി രാജ്യസഭാ എം.പി ജി.വി.എൽ നരസിംഹ റാവു, സാമ്പത്തിക ഗവേഷണ ഗ്രൂപ്പായ ഹിൻഡൻബർഗിന്റെ സമീപകാല റിപ്പോർട്ടും ശതകോടീശ്വരനായ ജോർജ്ജ് സോറോസിന്റെ “ഇന്ത്യ വിരുദ്ധ” അഭിപ്രായങ്ങളും ചർച്ചക്കിടെ ചൂണ്ടി കാണിച്ചു. തുടർന്ന് സംസാരിച്ച ബിജെപിയുടെ ലോക്‌സഭാ എംപി അനിൽ ഫിറോജി രാഹുൽ ഗാന്ധിയുടെ പേര് പറയാതെ ചിലർ വിദേശരാജ്യങ്ങളിൽ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞ് പോയിന്റ് നേടാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കളുണ്ടെന്ന പരോക്ഷ വിമർശനവും നടത്തി.

ഇതിനു മറുപടിയായി രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. ഇതോടെ ചർച്ചയിൽ ഇടപെട്ട ജയശങ്കർ “ഞങ്ങളിൽ ഭൂരിഭാഗവും നിങ്ങളോട് വിയോജിക്കുന്നു” എന്ന് പറഞ്ഞു. തുടർന്ന് “അത് നന്നായി” എന്നും അങ്ങനെ ചിന്തിക്കുന്നത് ജയശങ്കറിന്റെ “ജനാധിപത്യ അവകാശം” ആണെന്നും “ആക്രമിക്കുമ്പോൾ മറുപടി പറയാനുള്ള എന്റെ ജനാധിപത്യ അവകാശം” ആണെന്നും പറഞ്ഞുകൊണ്ട് ഗാന്ധിജി തിരിച്ചടിച്ചു.

മാത്രമല്ല തന്റെ പരാമർശങ്ങൾ ഹിൻഡൻബർഗ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ഒരു വ്യക്തിയെ ലക്ഷ്യം വച്ചുള്ളതാണെന്നും സർക്കാരിനെതിരെയല്ലെന്നും ഒരു വ്യവസായി മുഴുവൻ സർക്കാരിനോ രാജ്യത്തിനോ വേണ്ടി നിലകൊള്ളുന്നതല്ലെന്നും ഗാന്ധി വ്യക്തമാക്കി. ഇതോടെ ഇരു പക്ഷവും തമ്മിലുള്ള വാക്‌പോര് ശക്തമാകുകയും, ഒടുവിൽ ജയശങ്കർ ഇടപെട്ടു രംഗം ശാന്തമാക്കുകയിരുന്നു എന്നാണു റിപ്പോർട്ട്.