ത്രിപുരയെയും ഇന്ത്യയെയും രക്ഷിക്കാൻ ബിജെപിയെ പരാജയപ്പെടുത്തണം: സീതാറാം യെച്ചൂരി


ത്രിപുര തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ സഖ്യത്തിന്റെ ഐക്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഭ്രാന്തിയിലാണ് എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . ത്രിപുരയെയും ഇന്ത്യയെയും രക്ഷിക്കാൻ ബിജെപിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടണമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. സിപിഎമ്മിനെയും കോൺഗ്രസിനെയും ത്രിപുരയിൽ ഒരേ ചേരിയിലാക്കിയത് ഇഡിയാണെന്ന് പാർലമെന്റിൽ പ്രധാനമന്ത്രി പറഞ്ഞതോടെ ഇഡിയെ കേന്ദ്രം ദുരുപയോഗിച്ചതായി സമ്മതിച്ചിരിക്കയാണ്.
കേന്ദ്ര സർക്കാരിനെയും ബിജെപിയെയും വിമർശിക്കുന്നവരെ ജയിലിൽ അടയ്‌ക്കുന്നു. മറുവശത്ത്, ഇഷ്ടക്കാരായ കോർപറേറ്റുകൾക്ക് എല്ലാം തളികയിൽവച്ച് നൽകുന്നു. എട്ട് വിമാനത്താവളമാണ് അദാനിക്ക് കൈമാറിയത്. രാജ്യത്തെ സിമന്റ് ഫാക്ടറികളും പ്രതിരോധ ഫാക്ടറിയുമെല്ലാം അദാനിക്ക് നൽകിയതായും അദ്ദേഹം കുറ്റപ്പെടുത്തി.