വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ; മമത ബാനര്‍ജിക്കെതിരെ ‘ജയ് ശ്രീറാം’ വിളിച്ച് ബിജെപി പ്രതിഷേധം
പശ്ചിമ ബംഗാൾ ഹൗറയില്‍ വന്ദേ ഭാരത് എക്സ്പ്രസിന്റെ ലോഞ്ചിംഗ് വേളയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ‘ജയ് ശ്രീറാം’ വിളിയുമായി ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. സംസ്ഥാനത്തെ ബിജെപി നേതാക്കളെ വേദിയില്‍ കയറാന്‍ അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ മന്ത്രിയുടെ അഭ്യര്‍ത്ഥനകളെ വകവയ്ക്കാതെ, പ്രവര്‍ത്തകര്‍ ഉച്ചത്തിലുള്ള മുദ്രാവാക്യം വിളി തുടര്‍ന്നു.
അതേസമയം, അശ്വിനി വൈഷ്ണവിനൊപ്പം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും വേദിയില്‍ സന്നിഹിതനായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതയും റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഉണ്ടായിരുന്നു.
ബിജെപി മന്ത്രി സുഭാഷ് സര്‍ക്കാര്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. അമ്മയുടെ ദേഹവിയോഗത്തെ തുടര്‍ന്ന് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വന്ദേ ഭാരത് എക്സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്തത്.