5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ചെലവഴിച്ചത് 340 കോടി; കൂടുതൽ യുപിയിൽ
ഈ വർഷം ആദ്യം നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പ്രചാരണങ്ങൾക്കായി 340 കോടി രൂപ ചെലവഴിച്ചു. അതേസമയം ഈ സംസ്ഥാനങ്ങളിലെ പ്രചാരണത്തിനായി കോൺഗ്രസ് 194 കോടി രൂപയിലധികം ചെലവഴിച്ചുവെന്ന് ഇരു പാർട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവ് റിപ്പോർട്ടുകൾ പറയുന്നു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി ബിജെപി 340 കോടി രൂപയിലധികം ചെലവഴിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതുസഞ്ചയത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. യുപിയിൽ 221 കോടി രൂപയും മണിപ്പൂരിൽ 23 കോടി രൂപയും ഉത്തരാഖണ്ഡിൽ 43.67 കോടി രൂപയും പഞ്ചാബിൽ 36 കോടി രൂപയും ഗോവയിൽ 19 കോടി രൂപയും ചെലവഴിച്ചതായി ബിജെപിയുടെ ചെലവ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ പ്രചാരണത്തിനും അനുബന്ധ ചെലവുകൾക്കുമായി 194 കോടി രൂപ ചെലവഴിച്ചതായി കോൺഗ്രസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ നിയമ പ്രകാരം ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന പാർട്ടികൾ നിശ്ചിത സമയപരിധിക്കുള്ളിൽ തിരഞ്ഞെടുപ്പ് ചെലവ് റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ സമർപ്പിക്കണം.