ബിജെപി വെറും രണ്ട് സീറ്റിൽനിന്നാണ് തുടങ്ങിയത്; അവിടെത്തന്നെ അവർ തിരിച്ചെത്തും: ജെഡിയു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തുന്ന ബിഹാർ സന്ദർശനം സംസ്ഥാനത്തെ സാമുദായിക സൗഹാർദം തകർക്കാനുള്ള ശ്രമമാണെന്ന് ജെ ഡി യു ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ട് സീറ്റിൽനിന്നാണ് തുടങ്ങിയത്, അവിടെത്തന്നെ അവർ തിരിച്ചെത്തുമെന്നും സിങ് പറഞ്ഞു.
2024ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിഹാറിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലും ജെ ഡി യു ജയിക്കും. ബി ജെ പിക്ക് പറയാനുള്ളതെല്ലാം പറഞ്ഞോട്ടെ. വെറും രണ്ടക്കവുമായാണ് അവർ തുടങ്ങിയത്. അവർ അവിടെത്തന്നെ തിരിച്ചെത്തും-ലല്ലൻ സിങ് (രാജീവ് രഞ്ജൻ) ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചുനിന്നാൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ 50 സീറ്റിൽ നിർത്താൻ സാധിക്കുമെന്ന് ഇന്നലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു. ബിഹാറിൽ നടന്ന ജെ ഡി യു പാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് നിതീഷ് കുമാർ വീണ്ടും പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് പറഞ്ഞത്.