സര്‍ക്കാരിന്‍റെ അനാസ്ഥയാണ് താനൂര്‍ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍
കേരളത്തില്‍ ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന സര്‍ക്കാരിന്‍റെ അനാസ്ഥയാണ് താനൂര്‍ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
അല്‍പ്പം ഉളുപ്പുണ്ടെങ്കില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രാജിവയ്ക്കണം. കേരളത്തില്‍ എത്ര ഹൗസ്ബോട്ടുകളുണ്ടെന്നോ അത് എങ്ങനെയാണ് സര്‍വ്വീസ് നടത്തുന്നതെന്നോ ടൂറിസം വകുപ്പിന് അറിയില്ലായിരുന്നു. കേരളത്തിലെ ടൂറിസത്തിന്‍റെ മാഹാത്മ്യത്തിനെ കുറിച്ച് കോടികള്‍ ചിലവഴിച്ച് പരസ്യം കൊടുക്കുന്ന റിയാസ് എന്തുകൊണ്ടാണ് ഹൗസ്ബോട്ടിന് വേണ്ടി ഒരു ഏകീകൃത സംവിധാനം ഉണ്ടാക്കാന്‍ ശ്രമിച്ചില്ലെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഒരു മൊബൈല്‍ ആപ്പ് ഉണ്ടാക്കാന്‍ പോലും ഈകാര്യത്തില്‍ സര്‍ക്കാര്‍ തയ്യാറായില്ല.
തട്ടേക്കാട്, തേക്കടി ബോട്ടപകടങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചതാണ് വീണ്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. കേരളത്തിലെ ബോട്ട് സര്‍വ്വീസുകള്‍ അപടകരമാംവിധത്തിലാണ് പോകുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മന്ത്രിയും ടൂറിസം വകുപ്പും അതെല്ലാം അവഗണിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ കൃത്യമായ സുരക്ഷാ നടപടികള്‍ ബോട്ട് സര്‍വ്വീസിന്‍റെ കാര്യത്തില്‍ ഉണ്ടാകുമ്ബോള്‍ കേരളത്തില്‍ എല്ലാം തോന്നിയപോലെയാണ് നടന്നിരുന്നത്. ഹൗസ്ബോട്ട് ഡ്രൈവര്‍മാര്‍ക്ക് വേണ്ട പരിശീലനമോ ബോട്ടില്‍ കയറുന്നവര്‍ക്ക് സേഫ്റ്റി ബ്രീഫിംഗോ ഇവിടെ ലഭിച്ചിരുന്നില്ലെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ഉടനടി പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടി സ്വാഗതാര്‍ഹമാണ്. ലൈസന്‍സും ഫിറ്റ്നസും ഇല്ലാത്ത ബോട്ടുകള്‍ക്ക് കേരളത്തില്‍ സര്‍വ്വീസ് നടത്താന്‍ ഒത്താശ ചെയ്യുന്നതില്‍ വലിയ അഴിമതിയുണ്ടെന്ന് ഉറപ്പാണ്. ജനങ്ങളുടെ സുരക്ഷ സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്ന് ടൂറിസം മന്ത്രി ഓര്‍മ്മിക്കണം. 22 പേരുടെ ജീവന് ടൂറിസം മന്ത്രിയും മുഖ്യമന്ത്രിയും മറുപടി പറഞ്ഞേതീരുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.