ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ശ്രീരാമനെ ബിജെപി ഉടന്‍ പ്രഖ്യാപിക്കും; പരിഹാസവുമായി സഞ്ജയ് റാവുത്ത്
ബിജെപിക്കെതിരെ പരിഹാസവുമായി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് . അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുകളെ ബിജെപി രാഷ്ട്രീയവല്‍ക്കരിച്ചെന്ന് റാവുത്ത് ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി ശ്രീരാമനെ ബിജെപി ഉടന്‍ പ്രഖ്യാപിക്കും. രാമന്റെ പേരില്‍ വളരെയധികം രാഷ്ട്രീയം നടക്കുന്നുവെന്നും റാവുത്ത് പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിയിരുന്നു അദ്ദേഹം.
അടുത്ത മാസം 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ഒരു ബിജെപി പരിപാടി ആണെന്നും ദേശീയ പരിപാടിയല്ലെന്നും റാവുത്ത് പറഞ്ഞു. ബിജെപി രാമനെ തട്ടിക്കൊണ്ടുപോയെന്നും അദ്ദേഹം ആരോപിച്ചു. ശിവസേന തലവന്‍ ഉദ്ധവ് താക്കറെ അന്ന് നടക്കുന്ന വിഗ്രഹപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘താക്കറെ തീര്‍ച്ചയായും പങ്കെടുക്കും . പക്ഷേ ബി.ജെ.പിയുടെ പരിപാടി കഴിഞ്ഞതിന് ശേഷമേ പോകൂ. എന്തിന് ബി.ജെ.പി പരിപാടിക്ക് പോകണം? ഇതൊരു ദേശീയ പരിപാടിയല്ല. ബി.ജെ.പി ഈ ചടങ്ങിനായി റാലികള്‍ നടത്തുകയും ധാരാളം പ്രചാരണം നടത്തുകയും ചെയ്യുന്നു. ഇതില്‍ എവിടെയാണ് പരിശുദ്ധി, ‘ റാവുത്ത് ചോദിച്ചു.