ക്രൈസ്തവ വോട്ടുറപ്പിക്കൽ; ഈസ്റ്റർ ദിനത്തിൽ വീണ്ടും ഭവന സന്ദർശനം നടത്തിബിജെപി


ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള ക്രൈസ്തവ വോട്ടുറപ്പിക്കാൻ ഈസ്റ്റർ ദിനത്തിൽ വീണ്ടും ഭവന സന്ദർശനവുമായി ബിജെപി. ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവദേക്കറിൻ്റെ നേതൃത്വത്തിലാണ് കോഴിക്കോട് വിവിധ ക്രൈസ്തവ പുരോഹിതന്മാരെയും സ്ഥാപനങ്ങളിലും സന്ദർശിക്കുന്നത്.
ബിജെപിക്കെതിരായ മണിപ്പൂർ വിഷയം ഉൾപ്പെടെ സജീവ ചർച്ചയായി നിലനിൽക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവ വോട്ടുകൾ ബിജെപിയിൽ നിന്ന് അകലുന്നുവെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. ഇത് മറികടക്കാനാണ് സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറുടെ നേതൃത്വത്തിൽ വീണ്ടും ഈസ്റ്റർ ദിനത്തിലെ ഭവനസന്ദർശനം.
ഇന്ന് കോഴിക്കോട് എത്തിയ ജാവദേക്കർ , ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ രാഷ്ട്രീയ കാര്യങ്ങൾ ഒന്നും കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്ന് പ്രതികരണം. അതേസമയം എല്ലാവരോടും സമദൂരമെന്ന് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ എത്തുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.