കേരളത്തിലും ബിജെപി വലിയ പാർട്ടിയായി സർക്കാരുണ്ടാക്കും: അനിൽ ആന്റണി
സംസ്ഥാന നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ആരാധ്യനായ ഭഗവാൻ ഗണേഷ് ജിയെ അവഹേളിച്ചതായി ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി . മിത്ത് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
ഉടൻ നടക്കാനിരിക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്‌ചപ്പാടുകൾ ചർച്ചയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിഎ മുന്നണിയുടെ സ്ഥാനാർത്ഥി ലിജിൻ ലാലിന്റെ പ്രചാരണപരിപാടികൾക്കായി പുതുപ്പള്ളിയിൽ എത്തിയതായിരുന്നു അനിൽ ആന്റണി.
അനിൽ ആന്റണിയുടെ വാക്കുകൾ ഇങ്ങിനെ: “ബിജെപി ആരുടെയും വികാരം വ്രണപ്പെടുത്താറില്ല. ഷംസീർ ഈ ലോകത്തെ കോടിക്കണക്കിന് ഹിന്ദുമതവിശ്വാസികളുടെ ആരാധ്യനായ ഭഗവാൻ ഗണേഷ് ജിയെ അവഹേളിച്ചു. ആ കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, അത്തരമൊരു പ്രസ്താവനയെ അപലപിക്കുന്നതിനു പകരം പിന്തുണയ്‌ക്കുകയാണ് ചെയ്തത്.
ആരെയും പ്രീണിപ്പിക്കാൻ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രാഷ്ട്രീയം ബിജെപിക്കില്ല. അത്തരം രാഷട്രീയം കേരളത്തിൽ വളരാൻ അനുവദിക്കില്ല. കേരളത്തിലും ബിജെപി വലിയ പാർട്ടിയായി സർക്കാരുണ്ടാക്കും. കേരളത്തിലും നരേന്ദ്ര മോദിയുടെ വീക്ഷണങ്ങൾ പ്രവർത്തികമാക്കാനാകും. വരും ദിവസങ്ങളിൽ കേന്ദ്ര, സംസ്ഥാനനേതാക്കൾ ഉൾപ്പടെയുള്ളവർ പുതുപ്പള്ളിയിൽ പ്രചാരണം നടത്തും.
ഇനിയും കേരളം ഒരുപാട് മുന്നോട്ട് പോകാനുണ്ട്. അതിന് ബിജെപി അധികാരത്തിലെത്തണം. കേരളത്തിലെ യുഡിഎഫും എൽഡിഎഫും വർഷങ്ങളായി ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവരെ പലരീതിയിൽ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്താണ് ബിജെപിയെന്ന് തിരിച്ചറിഞ്ഞ് ഇന്ന് എല്ലാവിഭാഗങ്ങളും ബിജെപിയോട് അടുക്കുന്നുണ്ട്.”