ഈ കളി തുടങ്ങിയ ദിവസത്തെയോർത്ത് നിങ്ങൾ പശ്ചാത്തപിക്കും: ബിജെപിയോട് മഹുവ മൊയ്ത്ര
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ധരിച്ച ടീ ഷർട്ടിന്റെ വില ചൂണ്ടിക്കാണിച്ച് വിമർശനവും പരിഹാസവും നടത്തുന്ന ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ബിജെപി പ്രവർത്തകരും നേതാക്കളും അതിരുവിടരുതെന്നും പ്രതിപക്ഷാംഗങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറരുതെന്നും അവർ പറഞ്ഞു.
”നിങ്ങൾ അതിരുകടക്കരുതെന്നും പ്രതിപക്ഷത്തിന്റെ അംഗങ്ങളുടെ വസ്ത്രങ്ങളെക്കുറിച്ചും മറ്റു വസ്തുക്കളെക്കുറിച്ചും അഭിപ്രായം പറയരുതെന്നും ബിജെപിയെ ഉപദേശിക്കുന്നു. ബിജെപിയുടെ എംപിമാരുടെ വാച്ചുകൾ, പേനകൾ, ഷൂസുകൾ, മോതിരങ്ങൾ, വസ്ത്രങ്ങൾ എന്നിവയെക്കുറിച്ച് ഞങ്ങളും പറയാൻ തുടങ്ങിയാൽ ഈ കളി തുടങ്ങിയ ദിവസത്തെയോർത്ത് നിങ്ങൾ പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഓർക്കുക” – മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
നേരത്തെ, ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി ധരിച്ച ടി-ഷർട്ടിന്റെ വില 41,000 രൂപയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ‘ഭാരത് ദേഖോ’ എന്ന തലക്കെട്ടോടെയായിരുന്നു ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ രാഹുൽ ടി-ഷർട്ട് ധരിച്ചുനിൽക്കുന്ന ചിത്രം വില ഉൾപ്പെടെ ബിജെപി പങ്കുവെച്ചത്.