കേരളത്തിൽ ഏഴ് സീറ്റുകളിൽ ബിജെപി ജയിക്കും: മേജർ രവി


എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അവസാന നിമിഷം തന്നെ നേതൃത്വം ഒഴിവാക്കിയതിൽ നിരാശയില്ലെന്ന് മേജർ രവി. ബിജെപിയുടെ തീരുമാനം ചിരിച്ചു കൊണ്ട് അംഗീകരിക്കുന്നു. കെരളത്തിൽ ഇത്തവണ ഏഴ് സീറ്റുകളിൽ ബിജെപി ജയിക്കുമെന്നും മേജർ രവി പറഞ്ഞു.
ഞാൻ എന്താണെന്ന് എറണാകുളത്തെ ജനങ്ങൾക്ക് അറിയാം. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകണമെന്ന് ഒരു വാശിയും ഉണ്ടായിരുന്നില്ല. ആര് സ്ഥാനാർഥി ആയാലും വികസനമാണ് പ്രധാനം. ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണ രംഗത്ത് ഉണ്ടാകും.
ഇക്കുറി 7 സീറ്റുകളിൽ ബിജെപി ജയിക്കും. കേൾക്കുന്നർ ചിരിച്ചേക്കാം. പക്ഷേ, ഞെട്ടിക്കുന്ന ഫലമാകും ഉണ്ടാവാൻ പോകുന്നത്. വോട്ട് ഷെയറിൽ അത്ഭുതകരമായ ഉയർച്ച ഉണ്ടാകുമെന്നും മേജർ രവി പറഞ്ഞു. അതേസമയം എറണാകുളത്ത് ഡോ. കെ എസ് രാധാകൃഷ്ണനാണ് സ്ഥാനാർത്ഥി. മേജർ രവി സജീവ പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം കെ എസ് രാധാകൃഷ്ണനെ തിരഞ്ഞെടുക്കുകയായിരുന്നു.