പോലീസ് സ്റ്റേഷനിൽ വെച്ച് എസ് ഐയെ കസേരകൊണ്ടടിച്ച ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു
അടിപിടി കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികൾ സ്റ്റേഷനിൽ വെച്ച് സബ് ഇൻസ്പെക്ടറെ കസേര കൊണ്ടടിച്ചു. എടവിലങ്ങ് പൊടിയൻ ബസാർ സ്വദേശികളായ കുന്നത്തു വീട്ടിൽ രഞ്ജിത്ത് (37), വാലത്ത് വീട്ടിൽ വികാസ് (35) എന്നിവരാണ് പോലീസ് സ്റ്റേഷനിൽ വെച്ച് സബ് ഇൻസ്പെക്ടറെ ആക്രമിച്ചത്.
കൊടുങ്ങല്ലൂർ താലപ്പൊലിയുടെ തിരക്കിനിടയിൽ പ്രദേശത്തെ ബാറിൽ അടിപിടി നടക്കുന്ന വിവരം കിട്ടിയതിനെ തുടർന്നാണ് സബ് ഇൻസ്‌പെക്ടർ അജിത് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്യൽ ആരംഭിച്ചതോടെ പ്രകോപിതരായ ഇരുവരും അക്രമാസക്തരായി. സ്റ്റേഷനിലെ കസേര എടുത്ത് ഒരു മുറിയുടെ ചില്ല് ഗ്‌ളാസ് തല്ലിത്തകർത്തു. തടയാൻ ശ്രമിച്ചപ്പോൾ സബ് ഇൻസ്പെക്ടറെയും ആക്രമിച്ചു.
ആക്രമണത്തിൽ കൈയ്ക്ക് പരിക്കേറ്റ സബ് ഇൻസ്‌പെക്ടർ കെ.അജിത് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അജിത്തിന്റെ വലതു കൈയിൽ രണ്ട് തുന്നലുണ്ട്. സ്റ്റേഷൻ പ്രൊസസ് മുറിയുടെ ചില്ല് ഗ്‌ളാസ് തകർന്ന് 5000 രൂപയോളം നഷ്ടവുമുണ്ടായി.
രഞ്ജിത്ത് വിദേശത്ത് നിന്നും നാട്ടിലെത്തി മേസൺ പണി ചെയ്തു വരികയാണ്. ഇരുവരും എടവിലങ്ങ് പ്രദേശത്തെ ബി.ജെ.പി പ്രവർത്തകരാണ്. പ്രതികളുടെ പേരിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നിശിപ്പിച്ചതിനും ജാമ്യം ലഭിക്കാത്ത വിധം വിവിധ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു