ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കി മാറ്റണം: മന്ത്രി മുഹമ്മദ് റിയാസ്

single-img
2 November 2024

ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കി മാറ്റണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഈ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയം ഉറപ്പായതോടെ യുഡിഎഫ് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു.

ഇത്തരത്തിൽ സംഘർഷം സൃഷ്ടിക്കാൻ യുഡിഎഫ് തീരുമാനിച്ചുവെന്നതിന്‍റെ തെളിവാണ് കെ.സുധാകരന്‍റെ ആഹ്വാനം. ചെറുതുരുത്തിയില്‍ പഞ്ചായത്ത് പ്രസിഡന്‍റിനെ വരെ ആക്രമിച്ചു. പാലക്കാടും ചേലക്കരയിലും യുഡിഎഫ് തോല്‍വി ഉറപ്പിച്ചതോടെയാണ് സംഘർഷ നീക്കം.

അതേസമയം കൊടകര കു‍ഴല്‍പ്പണക്കേസില്‍ ബിജെപിക്കെതിരെ കെ.സുധാകരൻ ഒന്നും മിണ്ടുന്നില്ല. ബിജെപിയുടെ ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കി മാറ്റണം. ഇഡി ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണ്. ക‍ഴിഞ്ഞ മൂന്ന് കൊല്ലം ഇഡി എവിടെയായിരുന്നു.

വിഡി സതീശൻ ഇഡിക്കെതിരെ മൗനം പാലിക്കുകയാണ്. കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി ഒറ്റപ്പെട്ടു നിൽക്കുമ്പോൾ അതിനെ എതിർക്കാൻ കെപിസിസി പ്രസിഡന്‍റിന് സമയമില്ല. ബിജെപി വിമർശനം ഉറക്കത്തില്‍ പോലും വരാതിരിക്കാൻ കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും പ്രത്യേക ഗുളിക കഴിക്കുകയാണ്- മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.