തെരുവിൽ നേരിട്ടാൽ അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ക്ക് ബിജെപിയുടെ പൂര്‍ണ്ണ പിന്തുണ: കെ സുരേന്ദ്രൻ

single-img
23 October 2022

സംസ്ഥാനത്തെ സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിൽ സുപ്രീംകോടതിയില്‍ സർക്കാർ നാണംകെട്ടതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇടതുപക്ഷം ഇപ്പോൾ ഗവര്‍ണര്‍ക്കെതിരെ തെരുവില്‍ സമരം ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ഇടതുമുന്നണിയുടെ ഗവര്‍ണര്‍ക്കെതിരായ സമരം നനഞ്ഞ പടക്കമാവുമെന്നുറപ്പാണെന്നും സുപ്രീം കോടതിക്കെതിരെയാണോ തങ്ങളുടെ സമരം എന്നുകൂടി പറയാന്‍ മുഖ്യമന്ത്രിയും ഇടത് നേതാക്കളും തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തെരുവില്‍ നേരിടാനാണ് ഇടതുമുന്നണിയുടെ ഉദ്ദേശമെങ്കില്‍ തിരിച്ചും അത് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഇടത് നേതാക്കളെ ഓര്‍മ്മിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്തതിനാണ് ഗവര്‍ണറെ ആര്‍എസ്എസ്സുകാരനായി സിപിഎം മുദ്രകുത്തുന്നത്.

ഇത്തരത്തിൽ അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെല്ലാം ആര്‍എസ്എസ്സാണെന്ന് സിപിഎം സമ്മതിച്ചിരിക്കുകയാണ്. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ക്ക് ബിജെപിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരിക്കുമെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.സംസ്ഥാന ഗവര്‍ണറെ ഭീഷണിപ്പെടുത്താനുള്ള ഇടതുപക്ഷത്തിന്റെ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.