കൊല്‍ക്കത്തയില്‍ സ്‌ഫോടനം; മമത ബാനര്‍ജിയുടെ ഭരണത്തില്‍ ക്രമസമാധാനനില തകര്‍ന്നതായി ബിജെപി
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിൽ ബലോച്മന്‍ സ്ട്രീറ്റിൽ സ്‌ഫോടനം നടന്നു . സ്ട്രീറ്റിലെ എസ്എന്‍ ബാനര്‍ജി റോഡില്‍ ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പ്രദേശത്തെ ആക്രി സാധനങ്ങൾ ശേഖരിച്ച് വില്‍പന നടത്തുന്ന ബാപി ദാസ് എന്ന 58കാരനാണ് പരിക്കേറ്റത്. ഇയാളെ ഉടൻതന്നെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബോംബ് സ്‌ക്വാഡ് ഉടൻതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ വിശദ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാര്‍ പറഞ്ഞു.
സ്‌ഫോടനത്തില്‍ ആശങ്കയുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല, സംഭവം എന്‍ഐഎ തന്നെ അന്വേഷിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയും സുകാന്ത വിമര്‍ശനം ഉന്നയിച്ചു. മമത ബാനര്‍ജിയുടെ ഭരണത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്ന് സുകാന്ത ആരോപിച്ചു.