വന്ദേ ഭാരത് എക്സ്പ്രസിനെ തടയുന്നവർക്ക് ജനങ്ങളുടെ തിരിച്ചടിയുണ്ടാകും: കെ സുരേന്ദ്രൻ
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകർച്ചയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് കൊച്ചിയിൽ അദ്ദേഹത്തിന്റെ വിമർശനം.
ഇതോടൊപ്പം തന്നെ വന്ദേ ഭാരത് എക്സ്പ്രസിനെ തടയുന്നവർക്ക് ജനങ്ങളുടെ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ വിമർശനം പ്രധാനമന്ത്രിയുടെ യുവം പരിപാടിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. എല്ലാവരും യുവാക്കളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയതിൽ സന്തോഷമുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകർച്ചയെ തുടർന്ന് വിദ്യാർത്ഥികൾ കൂട്ടമായി കേരളം വിടുന്ന സ്ഥിതിയാണ്.
വിദേശ രാജ്യങ്ങളിൽ വിദ്യാർത്ഥികൾ പഠിക്കാൻ പോകുമ്പോഴും വിദേശ സർവകലാശാലകളുടെ ഓഫ് ക്യാമ്പസുകൾ വരാൻ കേരളത്തിൽ സമ്മതിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ സംസ്ഥാന രാഷ്ട്രീയ വിഷയം തന്നെയാണെന്നും അതുകൊണ്ടാണ് ബിജെപി ഈ വിഷയം ഏറ്റെടുക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലുള്ള ക്യാമ്പസുകളിൽ ഇതു സംബന്ധിച്ച് ഒരു വർഷം തുടർച്ചയായി സംവാദം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നൂറു ചോദ്യങ്ങൾ ചോദിക്കുമെന്ന് പറയുന്നവർ മുഖ്യമന്ത്രി പിണറായി വിജയനോട് 10 ചോദ്യങ്ങളെങ്കിലും ചോദിക്കണം. ഇതുവരെ നാല് കേരള സഭകൾ നടന്നിട്ടും എന്ത് പ്രയോജനമുണ്ടായി? വിമർശനങ്ങൾ യുവം പരിപാടിക്ക് കൂടുതൽ പ്രചാരം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.