ബോര്‍ഡ് പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ടു തവണ; നിർദ്ദേശവുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

single-img
23 August 2023

സ്‌കൂൾ ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. പുതിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ ആണ് നിര്‍ദേശം. പരീക്ഷകളിൽ ഉയര്‍ന്ന സ്‌കോര്‍ ഏതാണോ അതു നിലനിര്‍ത്താന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്നും ചട്ടക്കൂടില്‍ പറയുന്നു.

ഇതോടൊപ്പം തന്നെ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കി അടുത്ത അധ്യയന വര്‍ഷം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കും. രാജ്യത്തെ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ രണ്ടു ഭാഷകൾ നിര്‍ബന്ധമായും പഠിക്കണം. അവയിൽ ഒന്ന് ഇന്ത്യന്‍ ഭാഷയായിരിക്കണമെന്നും പാഠ്യപദ്ധതി രേഖകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ഷിക പരീക്ഷ വിഷയത്തിലുള്ള വിദ്യാര്‍ഥിയുടെ ധാരണയെ അളക്കുന്നതായിരിക്കണമെന്നാണ് ചട്ടക്കൂട് നിര്‍ദേശിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പ്രകടനം നടത്തുന്നതിന് അവസരമൊരുക്കി ബോര്‍ഡ് പരീക്ഷ രണ്ടു തവണ നടത്തണം. രണ്ടു തവണ പരീക്ഷയെഴുതി അവയില്‍ മെച്ചപ്പെട്ട മാര്‍ക്ക് നിലനിര്‍ത്താന്‍ അനുവദിക്കണം. പ്ലസ് വണ്‍, പ്ലസ് ടു തലങ്ങളില്‍ വിഷയം തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരമുണ്ടാവണം. സ്ട്രീമുകള്‍ ആര്‍ട്സ്, സയന്‍സ്, കൊമേഴ്സ് എന്നിങ്ങനെ മാത്രമാവരുത്. ക്ലാസ് റൂമുകളില്‍ ടെക്സ്റ്റ് പുസ്തകങ്ങള്‍ മുഴുവന്‍ പഠിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കണമെന്നും പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍ദേശിക്കുന്നു.