ഹോളിഡേ വാരന്ത്യത്തില്‍ വീണ്ടും ബോളിവുഡിന് നിരാശ

single-img
26 December 2022

മുംബൈ: ഈ വര്‍ഷത്തെ അവസാനത്തെ ഹോളിഡേ വാരന്ത്യത്തില്‍ വീണ്ടും ബോളിവുഡിന് നിരാശ. അവതാര്‍: ദി വേ ഓഫ് വാട്ടറും സര്‍ക്കസും ആണ് വാരാന്ത്യത്തില്‍ തീയറ്ററില്‍ ഉണ്ടായിരുന്നത്.

കാര്യമായ നേട്ടം ഒന്നും ഇല്ലാതെ വലിയ പരാജയത്തിലേക്കാണ് രോഹിത് ഷെട്ടിയുടെ സംവിധാനത്തില്‍ രണ്‍വീര്‍ സിംഗ് നായകനായ സര്‍ക്കസ് പതിച്ചത് എന്നാണ് വിപണിയിലെ വിവരം.

ദൃശ്യം 2ന്റെ തകര്‍പ്പന്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷം ഹിന്ദി സിനിമ രംഗം കാര്യങ്ങള്‍ വീണ്ടും നേര്‍വഴിക്ക് വരുന്നു എന്ന ചിന്തയില്‍ ആയിരുന്നു. അതിനാല്‍ ഡിസംബര്‍ 23ന് റിലീസ് ചെയ്ത സര്‍ക്കസ് ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡ് നോക്കിയിരുന്നത്. എന്നാല്‍ സര്‍ക്കസിന് ബോക്സ്‌ഓഫീസില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അടുത്തതായി ഷാരൂഖ് ഖാന്റെ റിപ്പബ്ലിക് ദിന റിലീസായ പത്താനാണ് ബോളിവുഡ് പ്രതീക്ഷ.

വര്‍ഷത്തിലെ അവസാന അവധിക്കാല വാരാന്ത്യത്തില്‍ പുറത്തിറങ്ങിയ സിനിമകള്‍ കാലങ്ങളായി വലിയ അത്ഭുതങ്ങള്‍ ബോളിവുഡില്‍ സൃഷ്ടിക്കാറുണ്ട്. 2019 അക്ഷയ് കുമാര്‍ നായകനായ ഗുഡ് ന്യൂസ് ഇതേ സമയത്ത് ഇറങ്ങി 200 കോടി ക്ലബ്ബില്‍ പ്രവേശിച്ചിരുന്നു. അതിന് മുമ്ബ് രോഹിത് ഷെട്ടിയും രണ്‍വീര്‍ സിംഗും ഒന്നിച്ച സിംബയും ഇതേ സമയത്ത് തീയറ്റില്‍ എത്തി 200 കോടി നേടിയിരുന്നു.

2020-ല്‍, പകര്‍ച്ചവ്യാധി കാരണം ക്രിസ്മസ് റിലീസ് ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇറങ്ങിയ രണ്‍വീര്‍ സിങ്ങിന്റെ 83 എന്നാല്‍ വന്‍ ഫ്ലോപ്പായി മാറി. ഇത്തവണ സര്‍ക്കസ് ഇതുവരെ മൂന്ന് ദിവസങ്ങളില്‍ നേടിയ കളക്ഷന്‍ 21 കോടി മാത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രോഹിത് ഷെട്ടിയും രണ്‍വീറും മുന്‍പ് ഒന്നിച്ച സിംബ ഒന്നാം ദിവസം തന്നെ നേരത്തെ 20.72 കോടി നേടിയിരുന്നു. സര്‍ക്കസിന്‍റെ പ്രതിദിന കളക്ഷന്‍ ഏകദേശം 6 കോടി-7 കോടി രൂപ മാത്രമാണ് വരുന്നതെന്നാണ് വിവരം.

അതേ സമയം അവതാര്‍: ദ വേ ഓഫ് വാട്ടര്‍ ക്രിസ്മസ് വാരാന്ത്യത്തില്‍ വെള്ളിയാഴ്ചത്തെ അപേക്ഷിച്ച്‌ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ കളക്ഷന്‍ മൂന്നിരട്ടിയാക്കി. രണ്ടാം വാരാന്ത്യത്തില്‍ 57 കോടി രൂപ അവതാര്‍ നേടി. തീയറ്ററുകളില്‍ പ്രേക്ഷകരെ എത്തിക്കാന്‍ ഇന്ത്യന്‍ സിനിമാ വ്യവസായം പാടുപെടുമ്ബോള്‍. മറുവശത്ത്, ഒരു ഹോളിവുഡ് സിനിമ കൂടുതല്‍ കളക്ഷന്‍ നേടുക മാത്രമല്ല ഒരു ബ്ലോക്ക്ബസ്റ്ററായി ഉയരുകയാണ്. ജെയിംസ് കാമറൂണ്‍ ചിത്രം 10 ദിവസം കൊണ്ട് 247 കോടി ഇന്ത്യന്‍ ബോക്സ്‌ഓഫീസില്‍ നിന്നും നേടി.