ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ വിലക്ക് നീക്കി ബോംബെ ഹൈക്കോടതി

single-img
11 January 2023

കുട്ടികൾക്കുള്ള പൗഡര്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനും വില്‍ക്കാനും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് അനുമതി നല്‍കി ബോംബെ ഹൈക്കോടതി ഉത്തരവ് . നേരത്തെ ഇതിനുള്ള കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകള്‍ ബോംബെ ഹൈക്കോടതി റദ്ദാക്കി.

കഴിഞ്ഞ വർഷം സെപ്തംബര്‍ 15നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ വിലക്ക് ചോദ്യം ചെയ്തുകൊണ്ട് കമ്പനി സമര്‍പ്പിച്ച ഹരജിയിലാണ് ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, എസ് ജി ഡിഗെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. 2018ലായിരുന്നു ലബോറട്ടറി പരിശോധനത്തിനായി സാമ്പിളുകള്‍ പിടിച്ചെടുത്തത്.

പിന്നാലെ നാല് വര്‍ഷത്തോളമായി ബേബി പൗഡര്‍ ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പൗഡറില്‍ പിഎച്ച് അനുവദനീയമായ അളവില്‍ നിന്ന് കൂടുതല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പരിശോധന നടത്താന്‍ വൈകിയതിന് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തിനും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഒരിക്കല്‍ പരിശോധനാ ഫലം പ്രതികൂലമായിപ്പോയതുകൊണ്ട് കാലാകാലത്തേക്ക് ഒരു കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടി ശരിയല്ലെന്നും ഇത് ഉത്പാദനമേഖലെയയും വ്യവസായത്തെയും സമ്പദ്ഘടനയെയുമെല്ലാം മോശമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.

ഇതോടൊപ്പം തന്നെ ബേബി പൗഡര്‍ വീണ്ടും ലബോറട്ടറി പരിശോധനയ്ക്ക് അയക്കാനും കോടതി ഉത്തരവിട്ടു.ഇതിന്റെ ഫലം വന്ന ശേഷം കമ്പനിക്ക് ഉത്പാദനം തുടങ്ങുന്നതിനുള്ള അനുമതി ഔദ്യോഗികമായി നല്‍കും.