അതിർത്തിയിലെ സംഘർഷം; കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം സംശയകരമാണെന്ന് കോണ്‍ഗ്രസ് പാർലമെന്റിൽ
ഇന്ത്യ- ചൈന അതിര്‍ത്തി അതിര്‍ത്തി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. 12 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഇന്ന് പ്രതിഷേധിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം സംശയകരമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് പാർട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ അജണ്ട പാര്‍ലമെന്റ് സമ്മേളനത്തിലെ തുടര്‍ സമീപനം വിലയിരുത്തലായിരുന്നു. രണ്ടു സഭകളിലെയും അംഗങ്ങള്‍ യോഗത്തിന്റെ ഭാഗമായി. അദ്ധ്യക്ഷത വഹിച്ച സോണിയാഗാന്ധി സര്‍ക്കാരിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കണമെന്ന് നിര്‍ദേശിച്ചു.
അതിര്‍ത്തിയിലെ വീഴ്ച മറച്ചുവയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് പ്രധാന മന്ത്രി സഭയില്‍ മറുപടി പറയാത്തിന് കാരണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗേ കുറ്റപ്പെടുത്തി. ലോകസഭ സമ്മേളിച്ചപ്പോള്‍ വിഷയത്തില്‍ സഭ നിര്‍ത്തി വച്ച് അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ സഭ പ്രക്ഷുബ്ദമായി.