ബ്രഹ്മപുരം: തീയണയ്ക്കൽ അന്തിമഘട്ടത്തിലേക്കു കടന്നെന്ന് സർക്കാർ


ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ പൂർണ ഫലപ്രാപ്തിയിലേക്ക് എത്തിയെന്നു സർക്കാർ. രാപകലില്ലാതെ യന്ത്രസാമഗ്രികളുടെ സഹായത്തോടെ അത്യന്തം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് അഗ്നി രക്ഷാസേനാംഗങ്ങൾ ഉൾപ്പെടെയുള്ളവരും സന്നദ്ധസേനയും ഉദ്യോഗസ്ഥസംഘവും പ്രവർത്തിക്കുന്നത്. 90 ശതമാനത്തിലേറെ പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഭാഗത്തെ പുകയണയ്‌ക്കാനുള്ള ജോലി ഞായറാഴ്‌ച പൂർത്തിയാകും എന്നാണു സർക്കാർ അവകാശപ്പെടുന്നത്.
മാലിന്യക്കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെവെല്ലുവിളിയായത്. എസ്കവേറ്റർ, മണ്ണുമാന്തികൾ എന്നിവ ഉപയോഗിച്ച് കുഴികളെടുത്ത് അതിലേക്ക് വെള്ളം പമ്പുചെയ്താണ് പുക നിയന്ത്രണവിധേയമാക്കുന്നത്.
രാപകൽ ദൗത്യത്തിൽ ശനിയാഴ്‌ച 170 അഗ്നി രക്ഷാസേനാംഗങ്ങളും, 32 എസ്‌കവേറ്റർ ഓപ്പറേറ്റർമാരും 11 നാവികസേനാ ഉദ്യോഗസ്ഥരും സിയാലിലെ നാലുപേരും ബിപിസിഎലിലെ ആറുപേരും 71 സിവിൽ ഡിഫൻസ് അംഗങ്ങളും 30 കൊച്ചി കോർപറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും 20 ഹോം ഗാർഡുകളും പങ്കാളികളായി. 23 അഗ്നി രക്ഷാസേനാ യൂണിറ്റുകളും 32 എസ്കവേറ്ററും മണ്ണുമാന്തിയന്ത്രങ്ങളും മൂന്ന് ഹൈപ്രഷർ പമ്പുകളും ഉപയോഗിച്ചാണ് ദൗത്യം പുരോഗമിക്കുന്നത്.