ബ്രഹ്മപുരം: പുകയുടെ അളവിൽ ഗണ്യമായ കുറവ്; പുകയണയ്ക്കല്‍ ലക്ഷ്യത്തിലെക്കെത്തുന്നു: മന്ത്രി പി രാജീവ്


കൊച്ചിയിൽ ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ പുകയണയ്ക്കല്‍ വളരെ വേഗം ലക്ഷ്യത്തിലെക്കെത്തുന്നുവെന്ന് മന്ത്രി പി രാജീവ്. ഇവിടെ നിന്നുള്ള പുകയുടെ അളവിൽ ഗണ്യമായ കുറവു വന്നത് അന്തരീക്ഷത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൺട്രോൾ റൂമിൽ ലഭിക്കുന്ന ഫോണ്‍ കോളുകളുടെ എണ്ണത്തിലും കുറവുണ്ട്. വായു നിലവാരം മെച്ചപ്പെട്ടതായി മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ചതുപ്പായ പ്രദേശം ഒഴികെയുള്ള മേഖലകളിൽ തീയും പുകയും പൂർണമായി ശമിച്ചിട്ടുണ്ട്. ചതുപ്പിലുള്ള പുക ശമിപ്പിക്കുന്നതിൽ ഇന്നു തന്നെ ഗണ്യമായ പുരോഗതി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മാലിന്യ പ്ലാന്റ് പ്രദേശത്ത് അസ്ക ലൈറ്റുകൾ വിന്യസിച്ച് രാത്രിയിലും നടത്തിയ നിതാന്ത പരിശ്രമമാണ് പുക നിയന്ത്രണം ഫലവത്താക്കിയത്.
ഇതിനായി ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും ഷിഫ്റ്റുകളിൽ അഗ്നിശമന പ്രവർത്തനം നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ ഫയർ ടെൻഡറുകൾ നേരിട്ട് എത്തിക്കാനാകാത്തതാണ് ചതുപ്പു മേഖലയിൽ നേരിടുന്ന പ്രശ്നം. കടമ്പ്രയാറിൽ നിന്നും ഉയർന്ന ശേഷിയുള്ള പമ്പുകൾ ഉപയോഗിച്ച് ഉന്നത മർദ്ദത്തിൽ വെള്ളം പമ്പു ചെയ്താണ് ഇതിന് പരിഹാരം കണ്ടത്.
മിനിട്ടിൽ 4000 ലിറ്റർ വെളളമാണ് ഇത്തരത്തിൽ പമ്പു ചെയ്യുന്നത്. ഫയർ ടെൻഡറുകൾ എത്തിക്കാനാകാത്ത മറ്റ് കൂനകളിലേക്കും വെള്ളമെത്തിക്കാൻ പമ്പ് ഉപയോഗിക്കുന്നു. തീ അണച്ച കൂനകളിൽ ചെറിയ രീതിയിൽ പോലും പുക ഉയരുന്നുണ്ടെങ്കിൽ കണ്ടെത്താൻ പട്രോളിംഗ് സംഘവും രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകൾ കണ്ടെത്തുന്നതിന് തെർമൽ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കുമെന്ന് മന്ത്രി അറിയിച്ചു.