2024ഓടെ കേരളത്തിൽ 8,000 ശാഖകൾ പ്രവർത്തിക്കണം: ആർഎസ്എസ്
സംഘപരിവാർ പ്രവർത്തനങ്ങൾ സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള കർമ പരിപാടികൾ തയാറാക്കുമെന്ന് ആർഎസ്എസ് അറിയിച്ചു. കേരളത്തിൽ നിലവിൽ 5,359 സ്ഥലങ്ങളിൽ ആർഎസ്എസ് ശാഖ പ്രവർത്തനം നടക്കുന്നുണ്ട്. 2024 ഓടെ കേരളത്തിൽ എണ്ണായിരം സ്ഥലങ്ങളിൽ ശാഖാ പ്രവർത്തനമെത്തണമെന്നതാണ് തീരുമാനം.
ഈ ലക്ഷ്യത്തിനായി പ്രവർത്തകരെ തയ്യാറാക്കുന്നതിന് സംസ്ഥാനത്ത് 4 സ്ഥലങ്ങളിലായി പരിശീലനവർഗുകൾ സംഘടിപ്പിക്കുമെന്നും ആർഎസ്എസ് അറിയിച്ചു. രാജ്യമാകെ എല്ലാ പഞ്ചായത്തുകളിലും, ശാഖയും ആഴ്ചയിലുള്ള മിലനും ആരംഭിക്കാനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. ഇപ്പോൾ രാജ്യത്ത് 42,613 സ്ഥാനുകളിലായി 68,631 ശാഖകളുണ്ട്.
2020നെ അപേക്ഷിച്ച് നോക്കുമ്പോൾ ഏകദേശം 3,700 സ്ഥാനുകളും 6,160 ശാഖകളും വർധിച്ചുവെന്നാണ് റിപ്പോർട്ട്. 2016 ലെ കണക്ക് പ്രകാരം യുപിയിൽ എണ്ണായിരത്തിലേറെ ശാഖകളാണ് ഉള്ളത്. ശാഖകളുടെ എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. ഏറ്റവും കുറവ് ശാഖകളുള്ളത് മേഘാലയയിലാണ്. ദേശവിരുദ്ധ ചിന്താഗതികളുടെ പ്രഭാവം രാജ്യത്ത് ഇപ്പോഴും പ്രകടമാണെന്നും പൗരന്മാരുടെ കാഴ്ചപ്പാടിൽ ഇനിയും വലിയ മാറ്റം വരുത്തേണ്ടതുണ്ടെന്നും ആർഎസ്എസ് പറയുന്നു.