കാമറൂണിനെതിരെയുള്ള പരാജയം; ബ്രസീലിന് സമ്മാനിച്ചത് നൂറ്റാണ്ടിലെ നാണക്കേട്
ഖത്തർ ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന അവസാന മത്സരത്തില്‍ കാമറൂണിനെതിരെയുള്ള പരാജയം ബ്രസീലിന് സമ്മാനിച്ചത് നൂറ്റാണ്ടിലെ നാണക്കേട്. 1998ൽ നടന്ന ലോകകപ്പില്‍ നോര്‍വെയോടാണ് ബ്രസീല്‍ അവസാനമായി ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിഞ്ഞത്. അതിനു ശേഷം ആദ്യമായാണ് ഇന്നലെ ഏറ്റ തോൽവി. ചുരുക്കി പറഞ്ഞാൽ ഈ നൂറ്റാണ്ടില്‍ ഇതാദ്യമായാണ് ബ്രസീല്‍ ഒരു ലോകകപ്പില്‍ ഗ്രൂപ്പ് മത്സരം പരാജയപ്പെടുന്നത്.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ വിജയയാത്ര ആരംഭിച്ചത് . രണ്ടാം മത്സരത്തിൽ സ്വിറ്റ്സർലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് മഞ്ഞപ്പട ആധിപത്യം തുടർന്നു. പക്ഷെ കാമറൂണിനെതിരെ ബ്രസീലിന്‍റെ റെക്കോര്‍ഡ് മോഹം തകർന്നു .
ഒരു പക്ഷെ കാമറൂണിനെതിരെ ജയിച്ചിരുന്നെങ്കില്‍ ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത സമ്പൂര്‍ണ ജയമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ബ്രസീലിനും പോര്‍ച്ചുഗലിനും അവസരമുണ്ടായിരുന്നു.