ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷന് സ്ഥിര ജാമ്യം


രാജ്യത്തെ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിന്മേലുള്ള കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷന് സ്ഥിര ജാമ്യം. ദില്ലി റോസ് അവന്യു കോടതിയാണ് ബിജെപി എംപിക്ക് സ്ഥിര ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ ബ്രിജ്ഭൂഷണും മുൻ അസിസ്റ്റൻ്റ് സെക്രട്ടറി വിനോദ് തോമറിനും കോടതി രണ്ടുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ അരുതാത്ത രീതിയിൽ സ്പർശിച്ചു, സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു എന്നിവയായിരുന്നു ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ. ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ഡൽഹി പൊലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചത്.
ഇതിൽ പ്രായപൂര്‍ത്തിയാകാത്ത താരത്തിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസ് ചൂണ്ടികാട്ടിയത്. പെണ്‍കുട്ടി മൊഴി പിന്‍വലിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.