ദേശീയ ഗുസ്തി ഫെഡറേഷനിൽ ആധിപത്യം സ്ഥാപിക്കാനുറച്ച് ബ്രിജ് ഭൂഷൺ ശരൺ സിങ്
ദില്ലി: ദേശീയ ഗുസ്തി ഫെഡറേഷനിൽ ആധിപത്യം സ്ഥാപിക്കാനുറച്ച് മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്നവർ നൽകിയത് 23 പത്രികകളാണ്. 25 ൽ 20 സംസ്ഥാനങ്ങളും ബ്രിജ് ഭൂഷണൊപ്പമാണ് എന്ന് അനുയായികൾ പറയുന്നു. 15 സ്ഥാനങ്ങളിലേക്കും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. മറ്റുള്ളവർ നൽകിയത് 9 പത്രികകൾ എന്നും സൂചന. സെക്രട്ടറി സ്ഥാനത്തേക്ക് യുപിയിൽ നിന്നുള്ള സഞ്ജയ് സിംഗ് ആണ് പത്രിക നൽകിയിരിക്കുന്നത്. അന്തിമ സ്ഥാനാർത്ഥി പട്ടിക ഏഴിന് പ്രസിദ്ധീകരിക്കും. ഈ വരുന്ന 12ാം തീയതിയാണ് ദേശീയ ഗുസ്തി ഫെഡറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ദേശീയ ഗുസ്തി ഫെഡറേഷനിൽ ബ്രിജ് ഭൂഷൺ തന്റെ ആധിപത്യം നിലനിർത്തും എന്ന് തന്നെയാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. 23 നാമനിർദ്ദേശപത്രികകളാണ് ഇപ്പോൾ ബ്രിജ് ഭൂഷന്റെ പാനലിൽ നിന്നും സമർപ്പിച്ചിരിക്കുന്നത്. ഒരു സംസ്ഥാനത്ത് നിന്നും രണ്ട് പ്രതിനിധികൾക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. 25 സംസ്ഥാനങ്ങൾക്കാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള അനുമതിയുള്ളത്. ഇതിൽ 20 സംസ്ഥാനങ്ങളും തങ്ങൾക്കൊപ്പമാണെന്നാണ് ബ്രിജ് ഭൂഷണെ പിന്തുണക്കുന്നവരുടെ അവകാശ വാദം. ഗുസ്തിതാരങ്ങളുടെ സമരം കൊടുമ്പിരി കൊണ്ട സമയത്ത് കേന്ദ്രസർക്കാർ പറഞ്ഞത് 12 വർഷം ഇതിനോടകം തന്നെ അധ്യക്ഷസ്ഥാനത്ത് പൂർത്തിയാക്കിയ ബ്രിജ് ഭൂഷണോ ബ്രിജ് ഭൂഷണുമായി ബന്ധമുള്ള ആരും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നാണ്. എന്നാൽ ഈ വാക്കുകളൊക്കെ വെറുംവാക്കാകുന്ന കാഴ്ചകളാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കാണാൻ സാധിക്കുന്നത്.
ഗുസ്തി താരങ്ങളുയർത്തിയ ലൈംഗിക അതിക്രമ പരാതി നിലനിൽക്കെ വെല്ലുവിളിയുമായി ബ്രിജ് ഭൂഷൺ രംഗത്ത് എത്തിയിരുന്നു. ഇത്തവണത്തെ ഗുസ്തി ഫെഡറഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ബ്രിജ് ഭൂഷണിന്‍റെ വെല്ലുവിളി. 25 സംസ്ഥാന അസോസിയേഷനുകളിൽ 22 ഉം തനിക്കൊപ്പമാണെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഓഗസ്റ്റ് 12 നാണ് ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടക്കുക.
അതേസമയം ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷന് ഈ മാസം 20 ന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ദില്ലി റോസ് അവന്യു കോടതിയാണ് ബി ജെ പി എം പിക്ക് സ്ഥിര ജാമ്യം അനുവദിച്ചത്. വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ. ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ദില്ലി പൊലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
പ്രായപൂര്‍ത്തിയാകാത്ത താരത്തിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസ് ചൂണ്ടികാട്ടിയത്. പെണ്‍കുട്ടി മൊഴി പിന്‍വലിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ചാമ്പ്യന്‍ ഷിപ്പില്‍ തോറ്റതിലുള്ള പ്രകോപനത്തില്‍ ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നല്‍കിയതാണെന്ന പെണ്‍കുട്ടിയുടെ അച്ഛന്‍റെ മൊഴിയും വാദത്തിന് ബലം പകരാന്‍ പൊലീസ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു.