അവരെന്നെ നെറികെട്ടവനെന്ന് വിളിക്കുന്നു; യുപിയിലെ റാലിയിൽ കവിതയുമായി ബ്രിജ് ഭൂഷൺ

single-img
11 June 2023

യുപിയിൽ ഇന്ന് നടന്ന റാലിയിൽ കവിത ചൊല്ലി ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ സിംഗ്. സംസ്ഥാനത്തെ ഗോണ്ടയിൽ, 2024 തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ റാലിയിൽ കവിതചൊല്ലിയാണ് ബ്രിജ് ഭൂഷൺ തൻ്റെ പ്രസംഗം ആരംഭിച്ചത്.

സഹനം, ചതി, സ്നേഹം തുടങ്ങിയവയെപ്പറ്റിയായിരുന്നു ബ്രിജ് ഭൂഷന്റെ കവിത. ‘ചിലപ്പോൾ നിങ്ങൾ കണ്ണീരു കുടിയ്ക്കും, ചിലപ്പോൾ സങ്കടം, മറ്റ് ചിലപ്പോൾ വിഷം. എങ്കിലേ നിങ്ങൾക്ക് സമൂഹത്തിൽ ജീവിക്കാനാവൂ. എൻ്റെ സ്നേഹത്തിനു ലഭിച്ച സമ്മാനമാണിത്. അവരെന്നെ നെറികെട്ടവനെന്ന് വിളിക്കുന്നു. അതിനെ കുപ്രസിദ്ധിയെന്നോ പ്രശസ്തിയെന്നോ വിളിക്കൂ, അവർ എന്റെ പേര് പുച്ഛത്തോടെ വിളിക്കുന്നു’- ബ്രിജ് ഭൂഷൺ പറഞ്ഞു.

അടുത്ത വർഷം നടക്കാനിരിക്കുന്ന 4 ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ കൈസർഗഞ്ജിൽ നിന്ന് വീണ്ടും മത്സരിക്കുമെന്നും ബ്രിജ് ഭൂഷൻ തൻ്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. അതേസമയം, ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ മൊഴി പ്രായപൂർത്തിയാകാത്ത ഗുസ്തിതാരം മാറ്റിയത് കടുത്ത സമ്മർദം മൂലമാണെന്ന് സാക്ഷി മാലിക് പറഞ്ഞിരുന്നു.