ബ്രിട്ടീഷുകാർ ഇന്ത്യക്ക് അധികാരം കൈമാറിയത് ഹിന്ദു ആചാരപ്രകാരമുള്ള പൂജകൾ നടത്തി: പിഎസ് ശ്രീധരൻപിള്ള
ബ്രിട്ടീഷുകാർ ഇന്ത്യക്ക് അധികാരം കൈമാറിയപ്പോൾ ഹിന്ദു ആചാരപ്രകാരമുള്ള പൂജകൾ നടത്തിഎന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. തിരുവനന്തപുരത്തിൽ മുപ്പത്തിയെട്ടാമത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് അധികാരം കൈമാറിയപ്പോൾ പൂജകൾക്കായി തഞ്ചാവൂരിൽ നിന്നുള്ളവരെ കൊണ്ടുപോയത് ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ സി രാജഗോപാലാചാരി ആണെന്നും രാജാക്കമാരുടെ സാഥാനാരോഹണത്തില്‍ പൂജകൾ നടത്തുന്നവരായിരുന്നു ഇവരെന്നും ശ്രീധരൻപിള്ള പറഞ്ഞു.
1947 ഓഗസ്ത് 13-ന് പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. മൗണ്ട്ബാറ്റൺ പ്രഭു അധികാരദണ്ഡ് കൈമാറിയാണ് സ്ഥാനമാറ്റം നടത്തിയത്. ചടങ്ങിന്റെ സമയത്ത് ദണ്ഡിൽ ഗംഗാജലം ഒഴിച്ച് ശുദ്ധിവരുത്തിയെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ഈ ദണ്ഡ് അലഹബാദിൽ സൂക്ഷിച്ചിട്ടുണ്ട്. വരും കാലത്ത് പുറത്തുവരാൻ പോകുന്ന ഒരു സത്യമാണ് താൻ പറയുന്നതെന്നും ഭാഗവതവും വേദങ്ങളും അടക്കമുള്ള ഇന്ത്യൻ ആത്മീയഗ്രന്ഥങ്ങളുടെ പുനർവായന നടത്തേണ്ട സമയമായെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.