ഈ പാര്‍ലമെന്റ് രാജ്യത്തിന് വേണ്ടി; ബജറ്റ് 2047 ലെ വികസിത് ഭാരത് എന്ന സ്വപ്‌നത്തിന്റെ തറക്കല്ല് : പ്രധാനമന്ത്രി

single-img
22 July 2024

പാര്‍ലമെന്റില്‍ ഇത്തവണ പ്രതിപക്ഷ സഖ്യം തന്റെ വായടപ്പിക്കാന്‍ ശ്രമിച്ചെന്നും ജനാധിപത്യത്തില്‍ ഇതുപോലെയുള്ള തന്ത്രങ്ങള്‍ക്ക് സ്ഥാനമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം പോരായ്മകള്‍ മറച്ചുവെക്കാന്‍ ചില പാര്‍ട്ടികള്‍ പാര്‍ലമെന്റിന്റെ സമയം ദുരുപയോഗം ചെയ്ത് വിദ്വേഷ രാഷ്ട്രീയം കളിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘നമ്മുടെ രാജ്യത്തെ 140 കോടി ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ വായ്മൂടികെട്ടാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ നിങ്ങള്‍ കണ്ടതാണ്. 2.5 മണിക്കൂറാണ് പ്രധാനമന്ത്രിയുടെ ശബ്ദം ഉയരാതിരിക്കാന്‍ ശ്രമിച്ചത്.

ഞാന്‍ ശബ്ദിക്കാതിരിക്കാന്‍ അവര്‍ ശ്രമിച്ചു. ജനങ്ങള്‍ രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണ് എന്നെ പാര്‍ലമെന്റിലേക്ക് അയച്ചത്, അല്ലാതെ പാര്‍ട്ടിക്ക് വേണ്ടിയല്ല. ഈ പാര്‍ലമെന്റ് രാജ്യത്തിന് വേണ്ടിയാണ്. മറിച്ച് രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടിയല്ല’, നരേന്ദ്രമോദി പറഞ്ഞു.

ഇനിയുള്ള അഞ്ച് വര്‍ഷത്തേക്കുള്ള മാര്‍ഗരേഖയാണ് അടുത്ത ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റെന്നും 2047 ലെ വികസിത് ഭാരത് എന്ന സ്വപ്‌നത്തിന്റെ തറക്കല്ലാണെന്നും മോദി പറഞ്ഞു. നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആദ്യ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അവകാശവാദം.