സംസ്ഥാനത്തിന് വലിയ രീതിയില്‍ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ കഴിയുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്: മന്ത്രി കെ എൻ ബാലഗോപാൽ

single-img
5 February 2024

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ വലിയൊരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഓര്‍മ്മിപ്പിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ന് നിയമസഭയിലെ ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് വലിയ രീതിയില്‍ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ കഴിയുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്.

പ്രതിസന്ധിഘട്ടത്തില്‍ അതിജീവിക്കാനുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നതാണ് ഈ ബജറ്റ്. മൂന്നുവര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ബജറ്റാണ് എല്‍ഡിഎഫിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ വലിയ സാധ്യത ലക്ഷ്യമിടുന്നുണ്ട്. വിഴിഞ്ഞം പദ്ധതി വലിയ പ്രതീക്ഷയാണ്. സാമ്പത്തിക മരവിപ്പ് മറികടക്കാന്‍ കൂടുതല്‍ ചെലവ് ഉണ്ടാകണം. അതിനാണ് പതിനായിരം കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചത്. സാമ്പത്തിക രംഗത്ത് ഇത് ഊര്‍ജമുണ്ടാക്കും. അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസം മേഖലയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കി.

റവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ഇനി വലിയ രീതിയില്‍ നികുതികള്‍ വര്‍ധിപ്പിക്കാനാകില്ല. എന്നാല്‍ ആയിരം കോടിയുടെ നികുതി വരുമാന വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.പങ്കാളിത്ത പെന്‍ഷന്‍ മാറ്റം എന്ന് തീരുമാനത്തിലാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ചില നിയമങ്ങളുടെ വശമുണ്ട്, പഠിച്ചതിന് ശേഷം വിശദമായി പറയാമെന്നും കൃത്യമായ പോളിസി ഇക്കാര്യത്തില്‍ സര്‍ക്കാരിനുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.