ബഫർ സോൺ: ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വന്നാൽ സര്‍ക്കാരിന് വലിയ വില നൽകേണ്ടി വരും: ജി സുകുമാരൻ നായര്‍
ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായര്‍. ബഫര്‍ സോണിൻ്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വന്നാൽ സര്‍ക്കാര്‍ വലിയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.
നിലവിൽ പ്രശ്നം നിലനിൽക്കുന്ന എല്ലാ പഞ്ചായത്തുകളിലും വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതികൾ രൂപീകരിക്കണം. സുപ്രീംകോടതിയിൽ നിന്നുള്ള സമയം നീട്ടി കിട്ടാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ജി.സുകുമാരൻ നായര്‍ പറഞ്ഞു. ബഫര്‍ സോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബഫര്‍ സോണിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളുടെ സ്വത്തിനും ജീവനോപാധികൾക്കും ഭീഷണി സൃഷ്ടിക്കുന്ന യാതൊരു നടപടിയും സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാക്കില്ലെന്നും ഇക്കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഉപഗ്രഹ സര്‍വ്വേയുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പരാതികളും സര്‍ക്കാര്‍ പരിഹരിക്കും. തിരുത്തിയ റിപ്പോര്‍ട്ടേ സര്‍ക്കാര്‍ സുപ്രീംകോടതിയിൽ സമര്‍പ്പിക്കൂവെന്നും അദ്ദേഹം ഇന്ന് വ്യക്തമാക്കുകയുണ്ടായി.