ബഫര്‍ സോണ്‍; ഉപഗ്രഹമാപ്പ് പിന്‍വലിക്കണമെന്ന് താമരശേരി ബിഷപ്പ്

single-img
18 December 2022

കോഴിക്കോട്: ബഫര്‍ സോണ്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ പ്രസിദ്ധികരിച്ച ഉപഗ്രഹമാപ്പ് പിന്‍വലിക്കണമെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍.

സര്‍വെ അബദ്ധജഡിലമാണെന്നും, രണ്ടോ മൂന്നോ മന്ത്രിമാരെ നിയോഗിച്ച്‌ വിഷയത്തെ പറ്റി പഠിക്കണമെന്നും താമരശേരി ബിഷപ്പ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ പ്രസിദ്ധികരിച്ച ഉപഗ്രഹമാപ്പ് പിന്‍വലിക്കുകയും പഞ്ചായത്തുകളുടെ സഹായത്തോടെ സര്‍വെ നടത്തി കര്‍ഷകരെ ഒരുവിധത്തിലും ബാധിക്കാത്ത വിധത്തില്‍ ബഫര്‍ സോണിന്റെ അതിര്‍ത്തി നിശ്ചയിക്കണമെന്നും ബിഷപ്പ് പറഞ്ഞു. സര്‍ക്കാരിന് ഇത് ചെയ്യാവുന്നതേയുള്ളു. നിരവധി തവണ ഈ കമ്മറ്റി സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് ഇക്കാര്യം കൊണ്ടുവന്നിട്ടുണ്ട്.. അബദ്ധജഡിലവും ആര്‍ക്കും മനസിലാകാത്തതുമായ ഒരു ഉപഗ്രഹമാപ്പാണ് പ്രസിദ്ധികരിച്ചത്. ഉപഗ്രഹമാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പുകൊടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ വേദന മനസിലാക്കാതെയാണ് മാപ്പ് ഉണ്ടാക്കിയത്. എത്രയും വേഗം ഉപഗ്രഹമാപ്പ് പിന്‍വലിക്കണം. സുപ്രീം കോടതി നല്‍കിയിരിക്കുന്ന ഈ അവസരം ഉപയോഗിച്ച്‌ കേരള സര്‍ക്കാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താതെ രണ്ടോ മൂന്നോ മന്ത്രിമാരെ നിയോഗിച്ച്‌ അവരുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ നടത്തണം. അതീജീവനത്തിനുള്ള അവകാശം മലയോര കര്‍ഷകര്‍ക്ക് ഉണ്ട്. അത് നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല. സാമൂഹികാഘാത പഠനം നടത്താന്‍ ഒരു കമ്മറ്റിയെ നിയോഗിക്കണം. ഇതിനാവശ്യമായ സാവാകാശം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിന്ന് വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ചക്കിട്ടപ്പാറ പഞ്ചായത്തിലെ കര്‍ഷകരെയാണ് ഉപഗ്രഹമാപ്പ് കാര്യമായി ബാധിക്കുക. സര്‍ക്കാര്‍ നയത്തിനെതിരെ നാളെ കൂരാച്ചുണ്ടില്‍ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.