വിദേശ മണ്ണിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ 32 വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളറായി ബുംമ്ര


ബോർഡർ-ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെ മറ്റൊരു റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്ര. വിദേശ മണ്ണിൽ നടക്കുന്ന ഒരു ടെസ്റ്റ് പരമ്പരയിൽ 32 വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളറായിരിക്കുകയാണ് ബുംമ്ര.
ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നെ പുറത്താക്കിയാണ് ഇന്ത്യൻ പേസർ ചരിത്ര നേട്ടത്തിലേക്കെത്തിയത്. മത്സരത്തിൽ 10 ഓവർ എറിഞ്ഞ ബുംമ്ര ഒരു മെയ്ഡൻ ഓവർ ഉൾപ്പെടെ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ദിവസം ഉസ്മാൻ ഖ്വാജയുടെ വിക്കറ്റും ബുംമ്ര സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 181 റൺസിൽ ഓൾ ഔട്ടാക്കാനും ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞു.
നാല് റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 185 റൺസിൽ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിലാണ്.
രണ്ടാം ഇന്നിംഗ്സിൽ 145 റൺസിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 33 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 61 റൺസെടുത്ത റിഷഭ് പന്തിന്റെ ഇന്നിംഗ്സ് ഇന്ത്യയ്ക്ക് കരുത്തായി. മൂന്നാം ദിവസം രണ്ടാം ഇന്നിംഗ്സിൽ പരമാവധി ലീഡ് ഉയർത്താനാകും ഇന്ത്യൻ ശ്രമം.