ഓടിക്കുന്നതിനിടെ ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം; ബസ് കാറിൽ ഇടിച്ചു ഒമ്പത് മരണം

single-img
31 December 2022

അഹമ്മദാബാദ്: ഗുജറാത്തിലെ നവ്സാരിയില്‍ ബസും കാറും കൂട്ടിയിടിച്ച്‌ ഒമ്ബത് പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

അപകടത്തില്‍ 28 പേര്‍ക്കു പരുക്കേറ്റു. ബസ് എസ് യു വി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ എതിരെ വന്ന കാറില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകളാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹവും മരിച്ചു.

കാറിലുണ്ടായിരുന്ന ഒന്‍പതു പേരില്‍ എട്ടു പേരും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ബസിലുള്ളവര്‍ക്കാണ് പരിക്കേറ്റത്. നിസാര പരിക്കുകളോടെ ചികിത്സ തേടിയവര്‍ ആശുപത്രി വിട്ടു. 11 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഗുജറാത്തിലെ അംകലേശ്വര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഇവര്‍ വല്‍സാദില്‍നിന്ന് മടങ്ങുകയായിരുന്നു. വെസ്മ ഗ്രാമത്തിന് സമീപമായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി.