സി എഎ: കേന്ദ്ര സർക്കാരിന്‍റെ നടപടിയെ ആവശ്യമെങ്കിൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യും: പികെ കുഞ്ഞാലിക്കുട്ടി

single-img
16 May 2024

കോടതിയുടെ പരിഗണനയിൽ ഇരിക്കെ സിഎഎ നടപ്പാക്കിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉള്ള പാഴ്‍വേലയുടെ ഭാഗമായാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര സർക്കാരിന്റേത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ കാര്യത്തിൽ നടപടി എടുക്കണം. സിഎഎ ഇപ്പോൾ നടപ്പാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പു നൽകിയത്.

പക്ഷെ കോടതിയെ മറച്ചുവെച്ച് ചെയ്ത പോലെയായി ഇപ്പോഴത്തെ നടപടി. കേന്ദ്ര സർക്കാരിന്‍റെ നടപടിയെ ആവശ്യമെങ്കിൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ സിഎഎ നടപ്പാക്കിയത്.

14 പേരുടെ പൗരത്വ സർട്ടിഫിക്കറ്റ് ഇന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് കൈമാറി. സിഎഎക്കെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെ ഇത് നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.