അധികാരത്തിൽ വന്നാൽ ഇന്‍ഡ്യ മുന്നണി സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ സിഎഎ പിൻവലിക്കും: കോൺഗ്രസ്
ഇത്തവണ പൊതുതെരഞ്ഞെടുപ്പിനു ശേഷം ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎ പിന്‍വലിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ സിഎഎയെ കുറിച്ച് കോണ്‍ഗ്രസ് നേരിട്ട് പരാമര്‍ശിക്കാത്തത് ചര്‍ച്ചയായിരുന്നു.
സാമൂഹ്യ നീതി, യുവജന, വനിതാ, കര്‍ഷക, ഭരണഘടന, സാമ്പത്തിക, ഫെഡറലിസം, ദേശീയ സുരക്ഷാ വിഷയങ്ങളാണ് പ്രകടന പത്രികയില്‍ ഇടം നേടിയിരുന്നത്. ‘ഇന്‍ഡ്യ മുന്നണി സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ സിഎഎ പിന്‍വലിച്ച് ഞങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ പാലിക്കും’, ഗൗരവ് പറഞ്ഞു.
നേരത്തെ 2019ല്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതാണ് സിഎഎ പിന്‍വലിക്കുമെന്ന്. ഇപ്പോഴും അതേ നിലപാടാണ് കോൺഗ്രസിന് ഉള്ളത്. സിഎഎക്കെതിരെ പ്രക്ഷോഭം നയിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. ഒരു ജനാധിപത്യ രാജ്യത്തിനകത്ത് എല്ലാവര്‍ക്കും ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. പക്ഷെ അസം കഴിഞ്ഞ കുറച്ചു നാളായി ജനാധിപത്യ രാജ്യമല്ല. അതൊരു പൊലീസ് സംസ്ഥാനമായി മാറി കഴിഞ്ഞുവെന്നും ഗൗരവ് പറഞ്ഞു.